Flash News

ശബരിമല സ്ത്രീ പ്രവേശനം: ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പുകസ

ശബരിമല സ്ത്രീ പ്രവേശനം: ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പുകസ
X

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സൂപ്രീം കോടതിവിധിയെ കക്ഷി രാഷ്ട്രീയമായി ഉപയോഗിച്ചു രാജ്യത്ത് കലാപമുണ്ടാക്കാനുള്ള പരിശ്രമം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവില്‍ നടത്തുന്നതായി പുരോഗമനകലാസാഹിത്യസംഘം. അലംഘനീയം എന്ന് കരുതപ്പെടുന്ന ആചാരങ്ങള്‍ നിയമംമൂലം തടസ്സപ്പെടുമ്പോള്‍ സമൂഹത്തില്‍ അങ്കലാപ്പുണ്ടാവുക സ്വാഭാവികമാണ്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടുന്ന 'സതി' എന്ന ആചാരം തടസ്സപ്പെട്ടപ്പോഴും, ദലിതരുടെ ക്ഷേത്രപ്രവേശനത്തിനുള്ള വിളംബരം നടന്നപ്പോഴും ഇത്തരം ആശങ്കകള്‍ സമൂഹത്തില്‍ ഉണ്ടായിരുന്നു. നീണ്ടകാലത്തെ നിയമ നടപടികള്‍ക്ക് ഒടുവിലാണ് ശബരിമല ക്ഷേത്രത്തില്‍ ഭക്തരായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ആരാധന നടത്താന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. ഈ സുപ്രിം കോടതിവിധി കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തെ സൂചിപ്പിക്കുന്നു. സഞ്ചാരസ്വാതന്ത്ര്യം പോലെത്തന്നെ ആരാധനാസ്വാതന്ത്ര്യവും മനുഷ്യന് പരമപ്രധാനമാണ്. കേരളത്തിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ നീണ്ടകാലം പോരാട്ടങ്ങള്‍ നടത്തിയിട്ടാണ് ആ അവകാശം നേടിയെടുത്തത്. സ്ത്രീയുടെ മുന്നില്‍ മാത്രം ആ വിലക്ക് ബാക്കിയായി നിലനില്‍ക്കുന്നു എന്നത് നമുക്ക് അപമാനമാണ്. പരമോന്നത കോടതിവിധി അംഗീകരിക്കാനും നടപ്പാക്കാനും നീതിബോധമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനാധിപത്യപരമായ സംവാദങ്ങളിലൂടെ ആശങ്കകള്‍ പരിഹരിക്കണം. ഇതിനായി 'ശബരിമല സ്ത്രീ പ്രവേശനവും, സുപ്രീംകോടതി വിധിയും' എന്ന വിഷയത്തില്‍ സംസ്ഥാനത്തുടനീളം സംവാദ സദസ്സുകള്‍ നടത്താന്‍ പുരോഗമനകലാസാഹിത്യസംഘം തീരുമാനിച്ചു. സംസ്ഥാനതല പരിപാടി 18ന് വൈകീട്ട് തിരുവന്തപുരം ഗാന്ധിപാര്‍ക്കില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ അധ്യക്ഷതവഹിക്കും. പ്രശസ്തരായ എഴുത്തുകാരും സിനിമ, നാടക, ചിത്രകല, സംഗീത പ്രവര്‍ത്തകരും പങ്കെടുക്കും.
Next Story

RELATED STORIES

Share it