പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടി

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. 2015 സപ്തംബര്‍ 30നു മൂന്നു വര്‍ഷം തികയുന്നതും നാലര വര്‍ഷം പൂര്‍ത്തിയാവാത്തതുമായ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസം കൂടി നീട്ടിയത്.

400ഓളം റാങ്ക്‌ലിസ്റ്റുകള്‍ക്കായിരിക്കും കാലാവധി നീട്ടുന്നതിന്റെ പ്രയോജനം ലഭിക്കുക. നാലര വര്‍ഷം പൂര്‍ത്തിയാവാത്ത റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം.

അതേസമയം, ചെറുതും കാര്യമായ നിയമനം നടക്കാത്തതുമായ റാങ്ക്‌ലിസ്റ്റുകളാണ് ഈ പരിധിയില്‍പ്പെടുക. സുപ്രധാന തസ്തികകളുടെയൊക്കെ റാങ്ക്‌ലിസ്റ്റുകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 10ാം തവണയാണ് റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.

അതേസമയം റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെതിരേ എട്ട് അംഗങ്ങള്‍ കമ്മീഷന്‍ യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എല്‍.ഡി.എഫ്. അംഗങ്ങളാണ് റാങ്ക്‌ലിസ്റ്റ് നീട്ടുന്നതിനെതിരേ രംഗത്തെത്തിയത്.

മൂന്ന് പി.എസ്.സി. അംഗങ്ങളെ ലണ്ടനിലെ പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നതിനായി അയക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും കമ്മീഷന്‍ തീരുമാനിച്ചു. പി.എസ്.സി. അംഗങ്ങളായ അഡ്വ. അശോകന്‍ ചരുവില്‍, അഡ്വ. എം കെ സക്കീര്‍, വി എസ് ഹരീന്ദ്രനാഥ് എന്നിവരാണ് ലണ്ടനിലേക്ക് പോവുക.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പി.എസ്.സി. അംഗങ്ങള്‍ക്കു വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരംഗത്തിന് അഞ്ചു ലക്ഷം രൂപ വീതം 15 ലക്ഷം രൂപയാണ് ഇതിന് ചെലവു വരിക. പി.എസ്.സി. പണം ധൂര്‍ത്തടിക്കുന്നുവെന്ന് വ്യാപകമായ വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it