|    Nov 16 Fri, 2018 12:36 pm
FLASH NEWS
Home   >  Kerala   >  

ശബരിമല ബിജെപിക്ക് സുവര്‍ണാവസരം; നട അടക്കാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടി- ശ്രീധരന്‍ പിള്ളയുടെ ശബ്ദരേഖ പുറത്ത്

Published : 5th November 2018 | Posted By: mtp rafeek

കോഴിക്കോട്: ശബരിമലയെ സംഘപരിവാരം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. യുവമോര്‍ച്ചയുടെ കോഴിക്കോട് നടന്ന യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന വെളിപ്പെടുത്തലും ശബ്ദരേഖയിലുണ്ട്. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തി.

നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന് താന്‍ വ്യക്തമാക്കി. തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ശബരിമലയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപി ആസൂത്രണം ചെയ്ത സമരമാണ് നടന്നതെന്ന് വിശദമാക്കുന്നതാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. പൊലിസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടയ്ക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.

ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത് സംഘപരിവാര അനുകൂലികളാണെന്ന കാര്യം നേരത്തേ പുറത്തുവന്നിരുന്നു. ബിജെപിക്ക് ബാലികേറാമലയായ ദക്ഷിണേന്ത്യയിലേക്കുള്ള വാതിലായി ശബരിമലയെ ഉപയോഗപ്പെടുത്താന്‍ വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത സംഘപരിവാര അജണ്ടയുടെ കൂടുതല്‍ തെളിവുകളാണ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ശബരിമല തന്ത്രിയെ ഉള്‍പ്പെടെ തങ്ങളുടെ ഗൂഡാലോചനയ്ക്ക് കരുവാക്കുകയാണെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസംഗം തെളിയിക്കുന്നു.

ശബരിമല സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രവീണ്‍ തൊഗാഡിയ രണ്ടു ദിവസത്തിനകം എത്താന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചെങ്കില്‍ നമ്മുടെ അനുയായികള്‍ അടക്കം അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുകയായിരുന്നു. അതിന് മുമ്പായി തന്നെ ബിജെപി അത് ഹൈജാക്ക് ചെയ്യുകയായിരുന്നു എന്ന വെളിപ്പെടുത്തലും ശ്രീധരന്‍ പിള്ള നടത്തിയിട്ടുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറിമാര്‍ ക്യാംപ് ചെയ്താണ് സമരത്തിന് നേതൃത്വം കൊടുത്തത്. യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തുടങ്ങിയ കാര്യങ്ങളും പ്രസംഗത്തില്‍ പറയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss