|    Nov 22 Thu, 2018 4:54 pm
FLASH NEWS
Home   >  National   >  

വടക്കന്‍ കര്‍ണാടകയ്ക്ക് സംസ്ഥാന പദവി തേടി 13 ജില്ലകളില്‍ നാളെ ബന്ദ്

Published : 1st August 2018 | Posted By: mtp rafeek

ബംഗളൂരു: വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ 13 ജില്ലകളില്‍ നാളെ ബന്ദ് പ്രഖ്യാപിച്ചു. അതിനിടെ, മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം മഠാധിപതികള്‍ ബെളഗാവിയിലെ സുവര്‍ണ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. പ്രത്യേക സംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യമെന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വടക്കന്‍ കര്‍ണാടകയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹുക്കേരി മഠാധിപതി ചന്ദ്രശേഖര്‍ ശിവചാര്യ സ്വാമി, ചിക്കോഡി മഠാധിപതി അല്ലമ്മ പ്രഭു സ്വാമി, നിഡസോഷി മഠാധിപതി ശിവലിംഗേശ്വര സ്വാമിജി, നാഗന്നൂര്‍ രുദ്രാക്ഷി മഠാധിപതി സിദ്ധരാമ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഗോഖക്, ബെളഗാവി, ബൈലഹൊങ്കല്‍, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ അണിനിരന്നത്. യെമകണ്‍മാറാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ക്കിഹോളി മഠാധിപന്മാരുടെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തു വന്നു. സംസ്ഥാനത്തെ വെട്ടിമുറിക്കുന്നത് അനുകൂലിക്കുന്നില്ലെന്നും എന്നാല്‍, വടക്കന്‍ കര്‍ണാടകക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അ്‌ദ്ദേഹം ആവശ്യപ്പെട്ടു.

സഖ്യസര്‍ക്കാരിന്റെ ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കര്‍ണാടക വികാസ വേദികെ എന്നീ സംഘടനകളാണ് നാളെ മേഖലയിലെ 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ ഇന്നലെ ചന്നപട്ടണയില്‍ കസ്തൂരി കര്‍ണാടക ജനാപര വേദി പ്രതിഷേധ റാലി നടത്തി.

അതിനിടെ, പ്രതിഷേധം പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി എസ് യെഡിയൂരപ്പ ആവശ്യപ്പെട്ടു. വടക്കന്‍ കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം പ്രത്യേക സംസ്ഥാന രൂപീകരണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കല്‍ തന്ത്രം ജനതാദള്‍ എസിനു സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളിലേ നടപ്പിലാക്കാനാകൂ എന്ന് യെഡിയൂരപ്പ പറഞ്ഞു.

അതേ സമയം, സര്‍ക്കാര്‍ ഒരിക്കലും വികസനകാര്യത്തില്‍ മേഖല തിരിച്ചുള്ള വിവേചനം നടത്തിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായാണു സഖ്യസര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു. കര്‍ണാടക എല്ലാക്കാലത്തും അഖണ്ഡമായി, ശക്തമായി നിലനില്‍ക്കുമെന്നു വടക്കന്‍ കര്‍ണാടകയില്‍നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss