|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Sports  >  Football  >  

ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരവത്തിന് ഇന്ന് കിക്കോഫ്; യുനൈറ്റഡും ടോട്ടനമും കളത്തില്‍

Published : 10th August 2018 | Posted By: jaleel mv

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് ശേഷം ലോക ഫുട്‌ബോള്‍ കായിക പ്രേമികള്‍ക്ക് ആവേശവിരുന്നൊരുക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ മാമാങ്കമായ പ്രീമിയര്‍ ലീഗിന് ഇന്ന് ലണ്ടനില്‍ കിക്കോഫ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മല്‍സരത്തോടെയാണ് 2018-19 സീസണിന് പന്തുരുളുക. ഇന്ന് രാത്രി 12.30 നാണ് മല്‍സരം. മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ മല്‍സരത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ 81 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ യുനൈറ്റഡ് ഇത്തവണ പോയിന്റ് മെച്ചപ്പെടുത്തി വീണ്ടുമൊരു കിരീടം ചൂടാനുള്ള പുറപ്പാടിലാണ്. ലെസ്റ്റര്‍ ഒമ്പതാം സ്ഥാനത്തും.
എന്നാല്‍, താരങ്ങളുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ കോച്ച് ജോസ് മൊറീഞ്ഞോ ഈ മല്‍സരത്തിലൂടെ ടീമിന്റെ ഭാവി വിലയിരുത്തും. പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് കളിച്ച ആദ്യ മല്‍സരങ്ങളില്‍ സിംഹഭാഗവും ടീം ജയം സ്വന്തമാക്കിയിട്ടുണ്ട്. 1972 ന് ശേഷം സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ടീമിന് പരാജയം നേരിടേണ്ടി വന്നത്. 2014-15 സീസണില്‍ സ്വാന്‍സിക്കെതിരേ (1-2) ആയിരുന്നു അത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ യുനൈറ്റഡ് തങ്ങളുടെ തട്ടകത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ ബൂട്ട് കെട്ടിയപ്പോള്‍ അപരാജിതരായാണ് ടീം ബൂട്ടഴിച്ചത്. ഇവിടെ ഒമ്പത് മല്‍സരങ്ങളില്‍ ഇരുടീമും മുഖാമുഖം പോരടിച്ചപ്പോള്‍ ഏഴെണ്ണത്തിലാണ് യുനൈറ്റഡ് വെന്നിക്കൊടി നാട്ടിയത്. രണ്ട് മല്‍സരം സമനിലയിലും കലാശിച്ചു.
എന്നാല്‍ നിലവിലെ ടീം ഘടനയാണ് കോച്ചിനെയും ആരാധകരെയും നിരാശപ്പെടുത്തിയിരിക്കുന്നത്. സീസണില്‍ മികച്ച താരങ്ങളെ ടീമിലുള്‍പ്പെടുത്തി മികച്ച ടീമാക്കി മാറ്റാന്‍ മൊറീഞ്ഞോ ശ്രമിച്ചെങ്കിലും ടീം അധികൃതരുടെ ഭാഗത്ത് നിന്നുുള്ള സാമിപ്യം കോച്ചിനെ വിമര്‍ശകനാക്കി. പ്രീ സീസണ്‍ ടൂര്‍ണമെന്റായ ചാംപ്യന്‍സ് കപ്പില്‍ രണ്ട് ജയം അക്കൗണ്ടിലാക്കിയ മോറീഞ്ഞോ ടീം 4-1ന് റയല്‍ മാഡ്രിഡിനോട് തോല്‍ക്കുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ എസി മിലാനെതിരേ പെനല്‍റ്റിയില്‍ ജയിച്ചു കയറിയ ടീം തുടര്‍ന്ന് പ്രീമിയര്‍ ലീഗ് വമ്പന്‍മാരിലൊരു ടീമായ ലിവര്‍പൂളിനോട് 4-1ന്റെ ദയനീയ പരാജയം നേരിടുകയും ചെയ്തു. എന്നാല്‍ പരാജയത്തിന്റെ ചവിട്ടുപടിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അവര്‍ സ്പാനിഷ് ഫുട്‌ബോള്‍ മാന്ത്രികരായ റയലിനെ 2-1 ന് പരാജയപ്പെടുത്തി. പ്രീമിയര്‍ ലീഗില്‍ കാലു വയ്ക്കുന്നതിന് മുമ്പുള്ള അവസാന മല്‍സരമെന്നോണം ബയേണ്‍ മ്യൂണിക്കുമായി കൊമ്പുകോര്‍ത്ത യുനൈറ്റഡ് ഒരു ഗോളിന് അടിയറവ് പറയുകയും ചെയ്തു.
ലെസ്റ്റര്‍ സിറ്റിയാവട്ടെ, അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയോടെയുമാണ് ഇവര്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം ചൂടിയ രാജാക്കന്‍മാരുമായി മല്ലിടാനൊരുങ്ങുന്നത്. ഈ അഞ്ച് മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അവസാനമായി ലെസ്റ്റര്‍ നേരിട്ട താരതമ്യേന ദുര്‍ബലരായ ലില്ലിക്കെതിരേ 2-1 നാണ് ടീം ജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം റിയാദ് മെഹ്‌റസില്ലാതെയാണ് ലെസ്റ്റര്‍ ഇത്തവണ കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയിട്ടും ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന ചിലിയന്‍ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസാണ് നിലവില്‍ യുനൈറ്റഡിന്റെ കുന്തമുനയായി ഉയര്‍ന്നു വന്നിരിക്കുന്നത്. ചാംപ്യന്‍സ് കപ്പില്‍ രണ്ട് തവണ വല തുളച്ച താരം മൊറീഞ്ഞോയുടെ വിശ്വാസ സ്‌ട്രൈക്കറായി മാറുകയും ചെയ്തു. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് യുനൈറ്റഡിന് തലവേദന സൃഷ്ടിക്കുന്നത്. സെര്‍ബിയന്‍ താരം നെമാഞ്ച മാറ്റിച്ച്, പോര്‍ച്ചുഗല്‍ താരം ഡീഗോ ഡാലറ്റ്, അര്‍ജന്റീനന്‍ താരങ്ങളായ മാര്‍ക്കസ് റോഹോ, സെര്‍ജിയോ റൊമേറോ, ഇക്വഡോര്‍ താരം അന്റോണിയോ വലന്‍സിയ എന്നീ താരങ്ങള്‍ ഇന്ന് യുനൈറ്റഡിന് വേണ്ടി കളത്തിലിറങ്ങില്ല. മിഡ്ഫീല്‍ഡര്‍ മാത്യൂ ജെയിംസ് ഇല്ലാതെയാണ് ലെസ്റ്ററും കളി മെനയുന്നത്.
ചാംപ്യന്‍സ് കപ്പില്‍ ടീമിനൊപ്പമില്ലാതിരുന്ന ഫില്‍ ജോണ്‍സ്, മൗറൈന്‍ ഫെല്ലെയ്‌നി, ജെസ്സി ലിങ്കാര്‍ഡ്, ആഷ്‌ലി യങ്, റൊമേലു ലുക്കാക്കു എന്നിവര്‍ ഇന്ന് യുനൈറ്റഡിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടോട്ടനം ന്യൂകാസിലിനെതിരേ
രണ്ടാം മല്‍സരത്തില്‍ സൂപ്പര്‍ ക്ലബായ ടോട്ടനം ഹോട്‌സ്പര്‍ ന്യൂകാസിലിനെ നേരിടും. നാളെ പുലര്‍ച്ചെ 5 മണിക്കാണ് മല്‍സരം. ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇരുവരും പ്രാരംഭഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും.
ടോട്ടനം പ്രീസീസണില്‍ കളിച്ച അവസാന അഞ്ച് മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ചെങ്കിലും അവസാന മല്‍സരത്തില്‍ കേരളത്തില്‍ കളിച്ച ജിറോണയ്‌ക്കെതിരേ 1-4 ന്റെ ദയനീയ തോല്‍വിയാണ് അവര്‍ നേരിട്ടത്. ചാംപ്യന്‍സ് ലീഗില്‍ രണ്ടെണ്ണത്തില്‍ വിജയിച്ച ടോട്ടനം ബാഴ്‌സലോണയ്‌ക്കെതിരായ മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. ഇതായിരുന്നു ടീം ഈ കപ്പില്‍ നേരിട്ട ഏക തോല്‍വിയും. എന്നാല്‍ അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയം മാത്രമാണ് ന്യൂ കാസിലിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതേസമയം, 10 വര്‍ഷത്തിന് മുമ്പാണ് ടോട്ടനം അവസാനമായി പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്.
10 വര്‍ഷത്തിന് ശേഷം ഒരു കിരീടം ചൂടാനുറച്ചാണ് ടീം നാളെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്.നാളെ സൂപ്പര്‍ താരങ്ങളെയെല്ലാം ഇറക്കി കളി മെനയുന്ന ടോട്ടനം ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഹാരി കെയ്‌നെ ചുറ്റിപ്പറ്റിയാണ് ടീം ആക്രമണം മെനയുക. കഴിഞ്ഞ സീസണിലെ സമാന ഫോം ഇത്തവണയും താരം പുറത്തെടുക്കുമെന്ന വിശ്വാസത്തിലാണ് ടോട്ടനം ആരാധകര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss