|    Dec 11 Tue, 2018 8:15 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസിയെ ‘കള്ളനാ’ക്കിയ മാലമോഷണം; ഒടുവില്‍ താജുദ്ദീന് പകുതി ആശ്വാസം

Published : 21st November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിക്ക് ‘കള്ളനെ’ന്ന പേരുദോഷം വരുത്തിയ മാലമോഷണത്തിന് ഒടുവില്‍ ക്ലൈമാക്‌സ്. കേസിലെ യഥാര്‍ഥ പ്രതിയെ പോലിസ് പിടികൂടിയതോടെ
കേസില്‍ ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനങ്ങള്‍ക്കിരയായ കതിരൂര്‍ പുല്യോട് സിഎച്ച് നഗറിലെ താജുദ്ദീന്റ് പകുതി ആശ്വാസം. സൂപര്‍ ഹീറോയില്‍ നിന്നു നാണക്കേടിലേക്കു വഴിമാറിയ ചക്കരക്കല്ല് എസ്‌ഐ ബിജുവിനെ താല്‍ക്കാലികമായി സ്ഥലം മാറ്റിയെങ്കിലും, തനിക്കു നഷ്ടപരിഹാരവും എസ്‌ഐയെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് താജുദ്ദീന്‍ നിയമനടപടി കൂടുതല്‍ ശക്തമാക്കുകയാണ്. കേരള പോലിസിനു തന്നെ അപമാനകരമായ കേസില്‍ കോഴിക്കോട് അഴിയൂര്‍ കോറോത്ത് ശരത് വല്‍സരാജി(45)നെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വഞ്ചനക്കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു ചക്കരക്കല്ലിലെ വിവാദ മോഷണക്കേസിലെ ‘നായകനെ’ കണ്ടെത്തിയത്.
2017 ജൂലൈ 5ന് കൂത്തുപറമ്പിനു സമീപം ചോരക്കളത്താണ് വഴിയാത്രികയായ വീട്ടമ്മയുടെ 5.5 പവന്‍ മാല സ്‌കൂട്ടറിലെത്തിയ ആള്‍ പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സാദൃശ്യം തോന്നിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ എസ്‌ഐ ബിജു താജുദ്ദീനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തനിക്കു തെറ്റുപറ്റിയില്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന എസ്‌ഐ പ്രവാസിയെ കോടതിയില്‍ ഹാജരാക്കി ശക്തമായ തെളിവുണ്ടെന്നു പറഞ്ഞു റിമാന്‍ഡ് ചെയ്യിച്ചു. 54 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായപ്പോഴാണ് തന്റെ നിരപരാധിത്വം തെളിയിക്കാനായി താജുദ്ദീന്‍ പാടുപെട്ടത്. ഇതിനിടെ, ഭാര്യയും മക്കളും തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്തി യാഥാര്‍ഥ്യം പറഞ്ഞെങ്കിലും ആരും അത്ര മുഖവിലയ്‌ക്കെടുത്തില്ല. താജുദ്ദീന്‍ തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതോടെ ഈ വിധത്തില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. അപ്പോഴും തന്റെ വാദത്തില്‍ ഉറച്ചുനിന്ന എസ്‌ഐ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും പ്രാദേശിക ചാനലുകള്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തു. പോലിസ് നടപടി വിവാദമായതോടെ താജുദ്ദീന്‍ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും തെളിവുകളുമായി പരാതി നല്‍കി. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനെ കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിനൊടുവിലാണ് യഥാര്‍ഥ പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശരത് വല്‍സരാജിനെ പിടികൂടിയത്.
അഴിയൂരിലെ ഒരു വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് ശരത് വല്‍സരാജിന്റെ രണ്ടു
ഫോണ്‍ നമ്പറുകള്‍ ലഭിച്ച പോലിസ് അതുവഴി നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീനു ആശ്വാസം പകര്‍ന്ന വാര്‍ത്തയെത്തിയത്. മോഷണദിവസം ഈ ഫോണുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചതോടെ സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു. ഫോട്ടോ അടക്കമുള്ള വിശദാംശങ്ങള്‍ സഹിതം വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്കു വിവരം കൈമാറി. തുടര്‍ന്നാണ്, ഇയാള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണെന്ന വിവരം ലഭിച്ചത്. താജുദ്ദീന്റേതു പോലെ കഷണ്ടിയും താടിയുമുള്ളതാണ് പോലിസിനു ആളുമാറാന്‍ കാരണം. ശരത് വല്‍സരാജിനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരിയിലെ ഒരു സ്വര്‍ണക്കടയില്‍ നിന്നു കവര്‍ച്ച ചെയ്ത മാല പോലിസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനീയറായ ശരത്, ആര്‍ഭാട ജീവിതത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണു കവര്‍ച്ചയിലേക്കു തിരിഞ്ഞതെന്നു പോലിസിനോടു സമ്മതിക്കുകയും ചെയ്തു. യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് താജുദ്ദീന്‍ ഇയാളെ പോലിസ് സ്‌റ്റേഷനില്‍ ചെന്നുകണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കിയ ശേഷവും പോരാട്ടം തുടരുകയാണ്. ഇനിയൊരു താജുദ്ദീനും കേരളത്തില്‍ ഉണ്ടാവരുതെന്നതിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് താജുദ്ദീന്‍ ആവര്‍ത്തിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss