|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: വനിതാ കമ്മീഷന്റെ അവകാശവാദം അപഹാസ്യമെന്ന് പോപുലര്‍ ഫ്രണ്ട്

Published : 6th December 2018 | Posted By: afsal ph

കോഴിക്കോട്: ഹാദിയക്ക് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായത് വനിതാ കമ്മീഷന്‍ ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തിയത് കൊണ്ടാണെന്ന എംസി ജോസഫൈന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഹാദിയയുടെ മനുഷ്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും തടവിലിടുകയും ഇഞ്ചോടിഞ്ച് സംഘപരിവാരത്തെ സുഖിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തപ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ച് പക്ഷപാതപരമായി പെരുമാറുകയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ചെയ്തത്.

ഹാദിയയെ ആറുമാസം ഹോസ്റ്റലിലും പിന്നീട് ആറുമാസം വീട്ടിലും സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് തടവിലിട്ടപ്പോള്‍ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെ പലരും വനിതാ കമ്മീഷന്റെ മുന്നില്‍ നിവേദനവുമായി പോയിരുന്നു. അപ്പോഴൊക്കെ വിഷയം കണ്ടതായി പോലും ഭാവിക്കാതെ സംഘപരിവാരത്തെ സുഖിപ്പിക്കുന്ന നിലപാടാണ് കമ്മീഷന്‍ എടുത്തത്.

ഹാദിയാ കേസില്‍ നീതിയുടെ പക്ഷത്തു നിന്ന് ഒരിടപെടലും വനിതാ കമ്മീഷന്‍ നടത്തിയിട്ടില്ല എന്ന് ഈ വിഷയത്തിലെ ഇടപെടല്‍ കണ്ടാല്‍ വ്യക്തമാണ്. വനിതകളുടെ അവകാശത്തിനും അവരുടെ സുരക്ഷിതത്വത്തിനും രൂപപീകൃതമായ കമ്മീഷന്‍ മൗനത്തിന്റെ അനന്ത സാധ്യതകളാണ് ഹാദിയാ കേസില്‍ ഉപയോഗപ്പെടുത്തിയത്. ആകെ ഉണ്ടായത് സുപ്രിംകോടതിയില്‍ ഹാദിയയെ ഹാജരാക്കിയപ്പോള്‍ ഹാദിയയെ കേള്‍ക്കണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകന്റെ കൂടെ സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ വനിതാ കമ്മീഷന്റെ അഭിഭാഷകനും ഉണ്ടായിരുന്നു എന്നതാണ്. അത് ആ അഭിഭാഷകന്റെ ക്വാളിറ്റി ആയിട്ടല്ലാതെ വനിതാ കമ്മീഷന്റെ നിലപാടായി അന്നും ഇന്നും ആരും വിശ്വസിക്കുന്നില്ല. അത്രക്ക് പക്ഷപാതപരമായിരുന്നു കമ്മീഷന്റെ നിലപാട്.

അവസാനം ചെയ്തതെല്ലാം തങ്ങളാണെന്നും കേസ് നടത്താന്‍ ലക്ഷങ്ങള്‍ മുടക്കിയെന്നും അതിന് നന്ദി പറഞ്ഞില്ല എന്നും വിലപിക്കുകയാണ് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മുഴുവന്‍ പൗരന്മാര്‍ക്കും സേവനത്തിന് ഉപയോഗിക്കേണ്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു പണമെടുത്ത് ഒന്നോ രണ്ടോ തവണ കേസില്‍ ഹാജരാവാന്‍ വക്കീലിനെ പറഞ്ഞയച്ചതിന് ‘എന്നെ വിളിച്ച്’ നന്ദി പറഞ്ഞില്ല എന്ന് വിലപിക്കുന്ന എംസി ജോസഫൈന്‍ വീണ്ടും ആ പദവിയെ അപമാനിക്കുകയാണ്.

വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനവും ബോധ്യപ്പെട്ടപ്പോഴാണ് പോപുലര്‍ ഫ്രണ്ട് ഈ വിഷയത്തില്‍ ഇടപെടുന്നത്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട സര്‍ക്കാരും കോടതിയും കടുത്ത വിവേചനം കാണിച്ചപ്പോള്‍ ഹാദിയ കേസിലെ നിയമപോരാട്ടം സംഘടന ഏറ്റെടുക്കുകയാണ് ചെയ്തത്. ലക്ഷങ്ങള്‍ ചെലവ് വന്ന നിയമ പോരാട്ടത്തിന് പൊതു ജനങ്ങളില്‍ നിന്നാണ് ഫണ്ട് കണ്ടെത്തിയത്. സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ ആകെ ചെലവ് വന്നത് 99 ലക്ഷം രൂപയാണ്. അതിലേക്ക് 82 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു ലഭിച്ചു. ബാക്കി 17 ലക്ഷം രൂപ സംഘടനയുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. ഇത് പരസ്യപ്പെടുത്തിയതും എല്ലാവര്‍ക്കും അറിയുന്നതുമാണ്.

ഈ സത്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അക്രമികള്‍ക്ക് മൗനാനുവാദം നല്‍കിയ വനിതാ കമ്മീഷന്‍ നുണപറയാന്‍ ശ്രമിക്കുന്നത്. ഇത്രയും സ്ത്രീ വിരുദ്ധവും പക്ഷപാതപരവുമായ കമ്മീഷന്റെ നടപടികള്‍ ഭാവിയില്‍ ചോദ്യചിഹ്നമായി നില്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ജോസഫൈന്‍ ഈ പ്രതികരണം നടത്തിയിട്ടുള്ളത്. അധികാര സ്ഥാനത്തിരുന്ന് താന്‍ ചെയ്തതില്‍ കുറ്റബോധം ഉണ്ടെങ്കില്‍ അത് തുറന്ന് പറഞ്ഞ് കേരളത്തോട് മാപ്പ് പറയാനാണ് എംസി ജോസഫൈന്‍ തയ്യാറാവേണ്ടതെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss