|    Dec 14 Fri, 2018 8:48 am
FLASH NEWS
Home   >  News now   >  

പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ നടപടി ഇല്ലാത്തത് നാണക്കേട്: പോപ്പ്

Published : 26th August 2018 | Posted By: mtp rafeek

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതു സഭാസമൂഹത്തിനു നാണക്കേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡിലെ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ച്ച സഭയ്ക്കാകെ നാണക്കേടുണ്ടാക്കി. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡനവിവാദങ്ങളിലുള്‍പ്പടെ പോപ്പ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.

പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് മാര്‍പാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികള്‍ കേട്ടു. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. 39 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലന്‍ഡില്‍ പോപ്പിന്റെ സന്ദര്‍ശനം. ‘കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലും കുറ്റക്കാര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പുമാരും മതമേലധ്യക്ഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളാണ് ജനരോഷത്തിന് കാരണമായിരിക്കുന്നത്. അത് സ്വാഭാവികവുമാണ്. ക്രിസ്തീയ സഭയ്ക്ക് തന്നെ നാണക്കേടും ദുഖവുമുണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എനിക്കും വിഷമവും നാണക്കേടുമുണ്ട്.’- പോപ്പ് പറഞ്ഞു.

അയര്‍ലന്‍ഡില്‍ അടുത്തകാലത്ത് പുരോഹിതര്‍ ഉള്‍പ്പെട്ട ഒട്ടേറെ ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനു തന്നെയും നാണക്കേടായെന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൂരതകള്‍ വിനോദമാക്കിയ വൈദികരെ അദ്ദേഹം തള്ളിപ്പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss