|    Jan 21 Sat, 2017 4:33 pm
FLASH NEWS

ഒരു സെന്റിലെ കാര്‍ഷിക വിപ്ലവം

Published : 4th December 2015 | Posted By: TK

 

AGRI-4

 


80 യുവതീയുവാക്കള്‍ ഹൈടെക് സേനയിലെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായി.വന്‍കിട കമ്പനികള്‍ ലക്ഷങ്ങള്‍ വാങ്ങി നിര്‍മിച്ചു നല്‍കിയിരുന്ന പോളി ഹൗസുകള്‍ പതിനായിരങ്ങള്‍ മാത്രം വാങ്ങിയാണ് ഹൈടെക് കാര്‍ഷിക കര്‍മ സേന നിര്‍മിച്ചു നല്‍കിയത്.


 

 

കെ എന്‍ നവാസ് അലി

മായമില്ലാത്ത പച്ചക്കറികള്‍ നിത്യവും വീട്ടുമുറ്റത്തു നിന്നും പറിച്ചെടുക്കുക എന്നത് ഏതൊരു വീട്ടമ്മയുടെയും ആഗ്രഹമാണ്. കാലാവസ്ഥാ മാറ്റങ്ങളെയും രോഗ കീട ബാധകളെയും ഭയക്കാതെ, നിത്യവും ചെടികള്‍ നനയ്ക്കുന്ന ജോലി പോലുമില്ലാതെ വേണ്ടത്ര പച്ചക്കറകള്‍ ലഭ്യമാകുകയാണെങ്കില്‍ ആരും വേണ്ടെന്നു പറയുകയില്ല. വീട്ടമ്മമാരുടെ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സംഘം മലപ്പുറം ജില്ലയിലെ ആനക്കയത്തുണ്ട്. ഹൈടെക് കാര്‍ഷിക കര്‍മ സേന എന്നാണവരുടെ പേര്. ഒരു സെന്റ് പോളി ഹൗസ് എന്ന വിപ്ലവകരമായ കൃഷിരീതിയിലൂടെയും കണികാ ജലസേചനത്തിലൂടെയുമാണ് ഈ സംഘം കാര്‍ഷിക വിപ്ലവം യാഥാര്‍ത്ഥ്യമാക്കുന്നത്.
AGRI-2

 

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2012ലാണ് സഹകരണ സംഘമായി ഹൈടെക് കാര്‍ഷിക കര്‍മ സേന രൂപം കൊണ്ടത്. പോളി ഹൗസുകള്‍ വന്‍കിട ഫാമുകള്‍ക്ക് മാത്രമുണ്ടായിരുന്ന കാലത്താണ് ഒരു സെന്റില്‍ പോളി ഹൗസ് ഒരുക്കി അടുക്കളത്തോട്ടങ്ങളില്‍ മുടക്കമില്ലാതെ പച്ചക്കറികള്‍ വിളയിക്കുക എന്ന ദൗത്യം ഇവര്‍ തുടങ്ങിയത്. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മേധാവിയായിരുന്ന ഡോ.രാജേന്ദ്രനായിരുന്നു ഇതിന് തുടക്കമിട്ടത്. 80 യുവതീയുവാക്കള്‍ ഹൈടെക് സേനയിലെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായി.വന്‍കിട കമ്പനികള്‍ ലക്ഷങ്ങള്‍ വാങ്ങി നിര്‍മിച്ചു നല്‍കിയിരുന്ന പോളി ഹൗസുകള്‍ പതിനായിരങ്ങള്‍ മാത്രം വാങ്ങിയാണ് ഹൈടെക് കാര്‍ഷിക കര്‍മ സേന നിര്‍മിച്ചു നല്‍കിയത്. കണികാ ജലസേചനം (ഡ്രിപ് ഇറിഗേഷന്‍)  ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെ ഒരു സെന്റ് സ്ഥലത്ത് പോളി ഹൗസ് നിര്‍മിക്കുന്നതിന് 59000 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.ഇതില്‍ 18900 രൂപ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചറല്‍ വിഭാഗം കൃഷി ഭവനുകള്‍ മുഖേന സബ്‌സിഡി നല്‍കുന്നുണ്ട്.

POLYHOUSE

 

AGRI-5
POLYHOUSE 1

 

സംസ്ഥാനത്ത് 150തോളം പോളി ഹൗസുകളാണ് ഇതുവരെ നിര്‍മിച്ചതെന്ന് സംഘത്തിന്റെ തലവന്‍ കെ പി അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോളിഹൗസ് നിര്‍മിച്ചു നല്‍കുന്നതിന് സംസ്ഥാനത്തിന്റെ പുറത്തു നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഗുണ നിലവാരമുള്ളവയാണ് പോളി ഹൗസുകള്‍. 10 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയും 4 മീറ്റര്‍ ഉയരവുമുള്ള പോളി ഹൗസുകളാണ് ഒരു സെന്റ് സ്ഥലത്തേക്ക് നിര്‍മിക്കുക.ഇതിനായി ജിഐ പൈപ്പുകളും ഇറക്കുമതി ചെയ്ത് അലുമിനിയം പാനലുകളും ഷീറ്റുകളുമാണ് ഉപയോഗിക്കുന്നത്. കണികാ ജലസേചനം സ്ഥാപിക്കുന്നതിലൂടെ ചെടികള്‍ നനയക്കുന്നതിനുള്ള ജോലിഭാരം ഇല്ലാതെയാകും.

 

AGRI-7

 

പോളിഹൗസുകളിലെ ചെടികള്‍ക്ക് രോഗബാധ ഏല്‍ക്കാറില്ലാത്തതിനാല്‍ മികച്ച വിളവു തന്നെ പ്രതീക്ഷിക്കാം. ഒരിക്കല്‍ പോളി ഹൗസ് ഒരുക്കിയാല്‍ കാലങ്ങളോളം മുടക്കമില്ലാതെ മായം ചേര്‍ക്കാത്ത പച്ചക്കറികള്‍ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുക്കാമെന്നതിനാല്‍ കുടുതല്‍ കുടുംബങ്ങള്‍ പോളിഹൗസ് നിര്‍മാണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോളി ഹൗസ് നിര്‍മിച്ചതിനു ശേഷം കൃഷി ചെയ്യുന്നതിനുള്ള സഹായങ്ങളും ഹൈടെക് കാര്‍ഷിക കര്‍മ സേന നല്‍കും.
AGRI-3

 

ആനക്കയത്തെ മാതൃക പിന്‍തുടര്‍ന്ന് 2013ല്‍ അമ്പലവയല്‍ കാര്‍ഷികകേന്ദ്രത്തിലും ഹൈടെക് കാര്‍ഷിക കര്‍മ സേനയ്ക്ക് രൂപം നല്‍കിയിരുന്നു.ഗാര്‍ഡനിങ്, കരാര്‍ അടിസ്ഥാനത്തില്‍ കൃഷി സ്ഥലമൊരുക്കല്‍, ലാന്‍ഡ് സ്‌കേപ്പിങ് തുടങ്ങിയവയും കാര്‍ഷിക കര്‍മ സേനാംഗങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ വയനാട് ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്ന കര്‍ളാട് അഡ്വഞ്ചര്‍ പാര്‍ക്ക്, പഴശി പാര്‍ക്ക്, ബത്തേരി ടൗണ്‍ സ്‌ക്വയര്‍ പാര്‍ക്ക്, കാരാപ്പുഴ ഡാമിലെ റോസ് ആന്റ് ഡാലിയ പാര്‍ക്ക് എന്നിവയുടെ നിര്‍മാണം ഹൈടെക് കാര്‍ഷിക കര്‍മ സേനയാണ് നടത്തുന്നത്.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 272 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക