|    Nov 21 Wed, 2018 11:47 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ നാളെ നിരോധനാജ്ഞ, നിലയ്ക്കലില്‍ യുദ്ധസമാനമായ അവസ്ഥ

Published : 17th October 2018 | Posted By: G.A.G

LIVE UPDATE:-

പമ്പ: സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലകയറാനെത്തിയ സ്ത്രീകളടങ്ങിയ സംഘം പ്രതിഷേധക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മടങ്ങി. വിശ്വാസികള്‍ക്ക് മലകയറാന്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലിസിന് സാധിച്ചില്ല.
ആന്ധ്രയില്‍നിന്നുള്ള കുടുംബത്തിനാണ് പ്രതിഷേധത്തെത്തുടര്‍ന്ന്് മടങ്ങേണ്ടി വന്നത്്. 41 വയസ്സുള്ള മാധവിയാണ് മലകയറാനെത്തിയത്.
പൊലീസ് സംരക്ഷണത്തില്‍ പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡിലേക്കു ഇവര്‍ പ്രവേശിച്ചെങ്കിലും പിന്നീട് പൊലീസ് പിന്മാറുകയായിരുന്നു. ഇതിനിടെ ഭീഷണിയുമായെത്തിയ പ്രതിഷേധക്കാര്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

 

3:45:57 PM

സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
സുപ്രിം കോടതി വിധിയുടെ പേരില്‍ നടക്കുന്ന സമരത്തിനൊപ്പം എസ്എന്‍ഡിപി യോഗമിെല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്
.ഇത് സര്‍ക്കാര്‍ വിരുദ്ധ സമരം മാത്രമാണ്.വ്യകതി വിരോധവും.
വിശ്വാസ താല്‍പര്യം സംരക്ഷിക്കാനുള്ളതല്ല ഈ സമരം. മതസൗഹാര്‍ദ്ദം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണിത്. ഇത് താങ്ങാനുള്ള ശേഷി പ്രളയാനന്തര കേരളത്തിനില്ല. ശബരിമലയെ കലാപഭൂമിയാക്കാനും വിശ്വാസികളെ കബളിപ്പിക്കാനുമുള്ള സമരമാണിത്.

3:55:07 PM

വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ്്
സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുന്നു:എല്‍ഡിഎഫ്
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നിലയ്ക്കലും പമ്പയിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. നിയമവാഴ്ച തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളും, യഥാര്‍ത്ഥ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ഥിച്ചു. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാര മര്യാദയുടെ പേരിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു.

കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ് യുഡിഎഫും ബിജെപിയും. കോണ്‍ഗ്രസിന്റെ പാരമ്പര്യം ആര്‍എസ്എസിന് അടിയറ വച്ചിരിക്കുകയാണ്. വര്‍ഗീയത ആളിക്കത്തിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്ത് നീങ്ങുകയാണ്. എല്‍ഡിഎഫ് ഒരു വിശ്വാസത്തിനും എതിരല്ല. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ എവിടെയും മാറ്റിനിര്‍ത്തരുതെന്ന ഉറച്ച അഭിപ്രായമാണ് മുന്നണിക്കും സര്‍ക്കാരിനുമുള്ളതെന്ന് വിജയരാഘവന്‍ പറഞ്ഞു.

4:07:54 PM

നിലയ്ക്കലില്‍ യുദ്ധസമാനമായ അവസ്ഥ
നിലയ്ക്കലില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക ആക്രമണം. പോലിസിന് നേരെ കല്ലേറ് നടന്നതോടെ പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയ സമരക്കാര്‍ വാഹനങ്ങളും തടഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. പോലിസ് ലാത്തി ചാര്‍ജ്ജ് ശക്തമായതോടെ അക്രമികള്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും സംഘടിച്ചെത്തി. മാതൃഭൂമി ന്യൂസിന്റെ കാമറാമാന് നേരെയും ദേശീയ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. ഒന്നരമണിക്കൂറോളമായി തുടര്‍ച്ചയായ സംഘര്‍ഷമാണ് നിലക്കലില്‍.

4:49:16 PM

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ നിലയ്ക്കലില്‍ എത്തിയ വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്ന നിലയ്ക്കലില്‍ പോലീസിന്റെ സാന്നിധ്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്നതെന്നത് അപലപനീയമാണ്. സംഘര്‍ഷഭൂമിയിലും ജോലിയെടുക്കേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു സംരക്ഷണം നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്. മാധ്യമ പ്രവര്‍ത്തകരുടെ കര്‍ത്തവ്യ നിര്‍വഹണത്തിനുനേരെയാണ് രണ്ടുദിവസമായി നിലയ്ക്കലില്‍ ഒരു വിഭാഗം ആളുകള്‍ തടസമുണ്ടാക്കുന്നതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സംഘര്‍ഷഭൂമിയില്‍ ജോലിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു സുഗമമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാമും സെക്രട്ടറി ബിജു കുര്യനും ആവശ്യപ്പെട്ടു.

5:37:59 PM

ശബരിമലയില്‍ നാളെ നിരോധനാജ്ഞ

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. യാതൊരു തരത്തിലുള്ള പ്രതിഷേധവും ഈ പ്രദേശങ്ങളില്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss