|    Dec 17 Mon, 2018 6:09 am
FLASH NEWS
Home   >  Kerala   >  

നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി

Published : 22nd November 2018 | Posted By: sruthi srt

തിരുവനന്തപുരം : നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളും നവോത്ഥാനമൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരില്‍ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പൊതുവെ നല്ല നിലപാടാണ് സ്വീകരിച്ചത്. ശബരിമല പ്രശ്‌നത്തില്‍ അവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകരാണ്. അതിഭീകരമായ ആക്രമണമാണ് ഉണ്ടായത്. കേരളത്തെ പുറകോട്ടുകൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയകാലസമ്പ്രദായങ്ങള്‍ പലതും ഏറെ ഹീനമായിരുന്നു. അതിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരുണ്ട്. മുലക്കരം പിരിക്കാന്‍ വന്നവര്‍ക്കുനേരെ മുലകള്‍ അറുത്തുമാറ്റി ചോരവാര്‍ന്നു മരിച്ചു നങ്ങേലിയെപ്പോലുള്ളവര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലുള്ളവര്‍ ചരിത്രത്തില്‍ വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന് ചരിത്രകാരന്മാര്‍ പറയണം. ക്ഷേത്രപ്രവേശനവിളംബരം നവോത്ഥാനകാലത്തിന്റെ ഭാഗമായി വന്ന വിളംബരമാണ്. അതിനെതിരായി വലിയതോതില്‍ യാഥാസ്ഥിതികര്‍ അണിനിരന്നു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുമുമ്പുതന്നെ അദ്ദേഹം പ്രതിഷ്ഠ നടത്തിയിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര വെറും യാത്രയായിരുന്നില്ല. കോട്ട് ധരിച്ചും മറ്റും വേഷഭൂഷാദികളിലും അദ്ദേഹം വിപല്‍കരമായ മാറ്റം വരുത്തി. എല്ലാകാലത്തും മാറ്റങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ ആളുകളുണ്ടായിരുന്നു. പക്ഷെ സമൂഹത്തിന്റെ നിലപാടാണ് പ്രധാനം. നവോത്ഥാനത്തിന്റെ ഭാഗമായി കെ.കേളപ്പന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയവര്‍ കാട്ടിയ മാതൃക ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. പാഠപുസ്തകങ്ങള്‍ നവോത്ഥാനനായകര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി പരിഷ്‌കരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും. ചരിത്രകാരന്‍ ഡോ. എം.ആര്‍.രാഘവവാര്യര്‍, ചരിത്രകാരനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. രാജന്‍ഗുരുക്കള്‍, കെ.പി.എംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, എഴുത്തുകാരായ എസ്.ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ഡോ.ഖദീജ മുംതാസ്, റോസി തമ്പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നവംബര്‍ 25ന് രാത്രി 7.30 മുതല്‍ വിവിധ ചാനലുകളില്‍ പരിപാടി പ്രക്ഷേപണം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss