|    Nov 16 Fri, 2018 1:58 pm
FLASH NEWS
Home   >  Kerala   >  

വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് ആരെങ്കിലും പറഞ്ഞോയെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി

Published : 28th August 2018 | Posted By: G.A.G

തിരുവനന്തപുരം: വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷമാവില്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടായിരിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കുന്നതെന്ന്് മുഖ്യമന്ത്രി. ഓഖി ഫണ്ട് വിനിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തെപ്പറ്റി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിപക്ഷം വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കുകയാണ്. പ്രതിപക്ഷനേതാവിന് എന്തു പറ്റിയെന്നാണ് താന്‍ ആലോചിക്കുന്നത്. നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു. വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആവില്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടായിരിക്കും ഇത്തരം പ്രതികരണം. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തമായി നിലപാടുവേണം. ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ സഹായഫണ്ടാണ് ലഭിച്ചത്. ഇതില്‍ 65.68 കോടിരൂപ ചെലവഴിച്ചു. എസ്ഡിആര്‍എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സിഎംഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. ഓഖിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഒരു രൂപ പോലും സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിട്ടില്ല. അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കായി ഇനിയും പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്. ഈ ഘട്ടത്തിലാണോ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാരുമായി സഹകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss