|    Sep 21 Fri, 2018 3:49 am
FLASH NEWS
Home   >  Kerala   >  

കരകവിഞ്ഞ് പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍-പ്രളയത്തില്‍ മുങ്ങി പത്തനംതിട്ട

Published : 17th August 2018 | Posted By: G.A.G

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത പ്രളയമാണ് കഴിഞ്ഞ മൂന്നു ദിവസമായി കടന്നുപോയത്. മലയോരമേഖലയായ റാന്നി, ചിറ്റാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതോടെ ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇന്ന്്്് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പമ്പാ തീരത്തെ പ്രളയത്തിന്റെ മൂന്നാംദിനത്തില്‍ റാന്നിക്ക് മോചനമായെങ്കിലും ആറന്‍മുള പൂര്‍ണമായും ഇപ്പോഴും വെള്ളത്തിലാണ്. പത്തനംതിട്ട, കോന്നി പ്രദേശങ്ങളില്‍ അച്ചന്‍കോവിലാറ്റില്‍ ജലം വലിഞ്ഞെങ്കിലും പന്തളംമേഖലയാകെ വെള്ളത്തില്‍ മുങ്ങി.
പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ പ്രളയജലം തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയെയും വെള്ളത്തിലാഴ്ത്തി. ആറന്‍മുള, കോഴഞ്ചേരി പ്രദേശങ്ങളില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും മൂന്നുദിവസമായി ആളുകള്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെയും പൂര്‍ണമായിട്ടില്ല. പമ്പയിലൂടെ നിറഞ്ഞൊഴുകിയ വെള്ളം തിരുവല്ല താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വ്യാഴാഴ്ച രാത്രി മുതല്‍ കയറിത്തുടങ്ങി. ഇതോടെ ഈ പ്രദേശങ്ങളിലും നിരവധി ആളുകള്‍ ഒറ്റപ്പെട്ടു.
സമാനമായ അന്തരീക്ഷമാണ് നിലവില്‍ തിരുവല്ല താലൂക്കിലുള്ളത്. വീടുകള്‍ക്കുള്ളില്‍ കുടങ്ങിയവര്‍ സഹായാര്‍ഭ്യര്‍ഥനകളിലാണ്. പന്തളത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞെത്തിയ വെള്ളമാണ് പ്രളയത്തിനു കാരണമായത് പന്തളം ടൗണ്‍ അടക്കമുള്ള പ്രദേശങ്ങള്‍ മുങ്ങി. പൊടുന്നനെയുള്ള വെള്ളപ്പൊക്കമാണ് പന്തളത്തുണ്ടായത്. ടൗണില്‍ എംസി റോഡിലടക്കം വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖല ഒറ്റപ്പെട്ടു. വീടുകളില്‍ നിന്നും തുരുത്തുകളില്‍ നിന്നും ആളുകളെ പുറംലോകത്തേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. കോഴഞ്ചേരി താലൂക്കിലെ ഇടയാറന്മുള ചെട്ടിമുക്ക് ആറാട്ടുപുഴ മാലക്കര നീര്‍വിളാകം എന്നീ ഭാഗങ്ങളില്‍ സാധാരണ ബോട്ടുകളില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഇരട്ട എഞ്ചിനുള്ള എട്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. ഈ ബോട്ടുകളുപയോഗിച്ച് ഇവിടെയുള്ള എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുന്നത് . ഇതോടൊപ്പം ബോട്ടുകള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നേവിയുടെ ഹെലികോപ്ടറിന്റെ സഹായത്തോടെ ആളുകളുടെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടന്ന് വരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss