|    Aug 14 Tue, 2018 11:53 am
FLASH NEWS
Home   >  News now   >  

സൂര്യന്റെ ഉള്ളറകള്‍ തേടി പാര്‍ക്കര്‍ സോളാര്‍ പ്രോബ് കുതിച്ചു

Published : 12th August 2018 | Posted By: mtp rafeek

വാഷിങ്ടണ്‍: സൂര്യന്റെ സ്വഭാവ സവിശേഷതകളിലെ ദുരൂഹതകളുടെ ചുരുളഴിക്കുന്നതിനുള്ള നാസയുടെ ദൗത്യത്തിന് തുടക്കമായി. ഫ്‌ളോറിഡയിലെ കേപ് കാനവെറാനില്‍ നിന്ന് പാര്‍ക്കാര്‍ സോളാര്‍ പ്രോബ് ദൗത്യം ഇന്ന് പ്രാദേശിക സമയം 3.31ന് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചു. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ ഉപഗ്രഹമായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

ഏറ്റവും വേഗം കൂടിയ മനുഷ്യ നിര്‍മിത വസ്തു എന്ന റെക്കോഡ് കൂടി പാര്‍ക്കാര്‍ സോളാര്‍ പ്രോബ് സ്വന്തമാക്കി. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരില്‍ അറിയപ്പെടുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യം കൂടിയാണിത്. നക്ഷത്ര ശാസ്ത്രജ്ഞനായ യൂജീന്‍ പാര്‍ക്കറിന്റെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. 1958ല്‍ ആദ്യമായി സൗര വാതത്തെ വിശദീകരിച്ചത് അദ്ദേഹമാണ്.

ഡെല്‍റ്റ-4-ഹെവി റോക്കറ്റിലാണ് ദൗത്യം ആകാശത്തേക്കു കുതിച്ചത്. കഴിഞ്ഞ ദിവസം ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിക്ഷേപണം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

സൂര്യന്റെ പുറംപാളിയായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് പാര്‍ക്കാര്‍ സോളാര്‍ പ്രോബ് ലക്ഷ്യമിടുന്നത്. സൂര്യന്റെ ഏറ്റവും സമീപത്ത് നിന്നാണ് ഈ ദൗത്യം നിര്‍വഹിക്കപ്പെടുക. ഡെല്‍റ്റ-4-ഹെവി റോക്കറ്റ് ആറാഴ്ച കൊണ്ട് വീനസിനെ പിന്നിടും. അടുത്ത ആറാഴ്ചയ്ക്കകം സൂര്യന്റെ ഏറ്റവും അടുത്തുള്ള ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും.

തുടര്‍ന്നുള്ള ഏഴ് വര്‍ഷം 24 തവണ സൂര്യനെ വലംവച്ച് കൊറോണയുടെ ഭൗതിക ഘടന പഠനവിധേയമാക്കും. ഭൂമിയെ ബാധിക്കുന്ന പല സുപ്രധാന പ്രവര്‍ത്തനങ്ങളുടെയും തുടക്കം കൊറോണയിലാണെന്നാണു കരുതുന്നത്.

തിളച്ചുമറിയുന്ന സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് 61.6 ലക്ഷം കിലോമീറ്റര്‍ അടുത്ത് നിന്നായിരിക്കും പാര്‍ക്കാര്‍ സോളാര്‍ പ്രോബ് അതിന്റെ പഠനം പൂര്‍ത്തിയാക്കുക. 61.6 ലക്ഷം കിലോമീറ്റര്‍ എന്നത് അത്ര അടുത്തല്ലെന്ന് തോന്നാം. എന്നാല്‍, ഭൂമിയും സൂര്യനും തമ്മിലുള്ള അകലം പരിഗണിക്കുമ്പോഴാണ് സാധ്യമായതില്‍ ഏറ്റവും അടുത്ത് നിന്നാണ് ദൗത്യ നിര്‍വഹണമെന്ന് ബോധ്യപ്പെടുക. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഒരു മീറ്ററാണെങ്കില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബും സൂര്യനും തമ്മിലുള്ള അകലം കേവലം നാല് സെന്റീമീറ്റര്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss