|    Nov 19 Mon, 2018 12:33 pm
FLASH NEWS
Home   >  News now   >  

12,372 വീടുകള്‍ വൃത്തിയാക്കി. ക്യാമ്പുകളില്‍ വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കുന്നു

Published : 21st August 2018 | Posted By: G.A.G

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും മാലിന്യം നീക്കം ചെയ്യലും വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കലും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് ചേര്‍ന്ന യോഗം വിലയിരുത്തി. വീടുകള്‍ വൃത്തിയാക്കുന്നതിന് ചൊവ്വാഴ്ച തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ 3,119 സ്‌ക്വാഡുകള്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് രംഗത്തുണ്ടായിരുന്നു. 12,372 വീടുകള്‍ വൃത്തിയാക്കി. അമ്പതിനായിരം മീറ്റര്‍ പൊതു ഓടകള്‍ വൃത്തിയാക്കി. പത്ത് ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. മൊത്തം 3,143 മൃഗങ്ങളുടെ ശവശരീരങ്ങള്‍ രണ്ടു ദിവസങ്ങളിലായി സംസ്‌കരിച്ചു.

എല്ലാ ക്യാമ്പുകളിലും വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കുന്നു. ലോകാരോഗ്യസംഘടനയുടെ ഓഫീസര്‍മാരും വിവിധ ജില്ലകളില്‍ പ്രവര്‍ത്തനരംഗത്തുണ്ട്. പ്രമേഹം, ടി.ബി, കാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ മുതലായ രോഗങ്ങള്‍ക്കു വേണ്ടി സ്ഥിരമായി മരുന്നു കഴിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് മരുന്ന് ലഭ്യമാക്കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. വിഷപ്പാമ്പുകളുടെ ശല്യമുളളതുകൊണ്ട് എല്ലാ താലൂക്കാശുപത്രികളിലും ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഇത് നല്‍കും. പകര്‍ച്ചവ്യാധി തടയാനുളള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിനു വേണ്ടി പി.ജി വിദ്യാര്‍ത്ഥികളെയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യത്തിന് നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

ഇന്ന് 15 പേരെയാണ് എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇതില്‍ 11 പേരെയും നെല്ലിയാമ്പതിയില്‍ നിന്നാണ്. ചെങ്ങന്നൂരില്‍ നിന്ന് 4 പേരെ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ടുപോയവരെ മിക്കവാറും രക്ഷപ്പെടുത്തിക്കഴിഞ്ഞു. ആളില്ലാത്ത വീടുകളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന പരിശോധന തുടരും. കേന്ദ്രസേനാ വിഭാഗങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതാണ്. സേനാവിഭാഗങ്ങളുടെ ഹെലിക്കോപ്റ്റര്‍ ഇന്ന് കാര്യമായി ഉപയോഗിച്ചത് ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിനാണ്.

ഏതെങ്കിലും ക്യാമ്പില്‍ പാത്രങ്ങള്‍ ഉള്‍പ്പെടെയുളള സാധനങ്ങള്‍ക്ക് കുറവുണ്ടെങ്കില്‍ അടിയന്തരമായി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് 52,000 വളണ്ടിയര്‍മാര്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും യുവജനങ്ങളാണ്. അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss