|    Nov 19 Mon, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം: ഒ രാജഗോപാല്‍; 1999ലെ മാതൃഭൂമി സപ്ലിമെന്റ് ബിജെപിക്ക് തിരിച്ചടിയാവുന്നു

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. 1999ല്‍ മാതൃഭൂമി ദിനപത്രത്തിന്റെ ശബരിമല തീര്‍ത്ഥാടന സപ്ലിമെന്റിലെ ഒ രാജഗോപാലിന്റെ ലേഖനം ബിജെപിക്ക് തിരിച്ചടിയാവുന്നു. സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്ന തലക്കെട്ടിലാണു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന ശബരിമലയില്‍ ഉന്നതരെന്നോ, താഴ്ന്നവരെന്നോ, പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ ഉള്ള പരിഗണനയില്ലാതെ എല്ലാവരെയും ഭക്തരായാണു പരിഗണിച്ചുവരുന്നത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം വളര്‍ത്താന്‍ ഇത് ഏറെ ഉപകാരപ്പെടുമെന്നും ലേഖനത്തില്‍ പറയുന്നു.

ശബരിമല സ്ത്രീപ്രവേശനത്തില്‍ ആചാര സംരക്ഷകരായി രംഗത്തുവന്ന ബിജെപിയെയും ആര്‍എസ്എസിനെയും തിരിഞ്ഞുകൊത്തുന്നതാണ് രാജഗോപാലിന്റെ ഈ നിലപാട്. ലേഖനം സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിക്കുകയാണ്. ഇത് സംബന്ധിച്ച് രാജഗോപാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ഇപ്പോള്‍ ശക്തമായി എതിര്‍ക്കുന്ന ബിജെപിക്ക് നിയമസഭയിലുള്ള ഏക പ്രാതിനിധ്യമാണ് ഒ രാജഗോപാലിന്റേത്. വര്‍ഷങ്ങളായി ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണക്കുന്ന സംഘപരിവാറും ഇതേതരത്തില്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തങ്ങളുടെ നിലപാട് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു.

സമാനമായ രീതിയിൽ ശബരിമല ദർശനത്തിന് സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ 2016ൽ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. എന്നാൽ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിനുപിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആർഎസ്എസ് ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നത്. പുരുഷന്മാർക്ക് പ്രവേശനം ഉള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു 2016ൽ ആർഎസ്എസ് സ്വീകരിച്ചിരുന്ന നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss