|    Nov 18 Sun, 2018 3:19 am
FLASH NEWS
Home   >  Kerala   >  

നൂറില്‍ 98; സാക്ഷരതാ പരീക്ഷയിലെ മാര്‍ക്കില്‍ വയസിനെ തോല്‍പ്പിച്ച് കാര്‍ത്യായനി അമ്മ

Published : 1st November 2018 | Posted By: mtp rafeek

ആലപ്പുഴ: ചേപ്പാട് കാര്‍ത്യായനി അമ്മയുടെ വീട്ടില്‍ ഇപ്പോള്‍ ആഘോഷമാണ്. കുടുംബത്തില്‍ ഒരു ഐഎഎസ് എത്തിയതിനേക്കാള്‍ വലിയ സന്തോഷം. 96ാം വയസില്‍ കേരള സാക്ഷരതാ മിഷന്റെ പരീക്ഷ എഴുതിയ കാര്‍ത്യായനി അമ്മ അടിച്ചെടുത്തത് 100ല്‍ 98 മാര്‍ക്ക്.

വായന, എഴുത്ത്, ഗണിതം എന്നിവയിലുള്ള ജ്ഞാനമാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്. കാര്‍ത്യായനിയമ്മയ്ക്ക് എഴുത്തില്‍ 40ല്‍ 38 മാര്‍ക്കും വായനയിലും ഗണിതത്തിലും ഫുള്‍ മാര്‍ക്കുമാണ് ലഭിച്ചത്.

പത്താം തരം തുല്യതാ പരീക്ഷ പാസാവുകയാണ് ഇനി കാര്‍ത്യായനിയുടെ ലക്ഷ്യം. പരീക്ഷ നല്ല മാര്‍ക്കോടെ പാസായതില്‍ സന്തോഷം, പഠനം തുടരണം- കാര്‍ത്യായനി പറയുന്നു.

നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള യോഗ്യത കാര്‍ത്യായനി നേടിയതായി അധ്യാപിക സതി പറയുന്നു. പഠനത്തില്‍ നല്ല താല്‍പര്യമാണ് കാര്‍ത്യായനിയമ്മയ്‌ക്കെന്ന് സതി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്ത കാര്‍ത്യായനിയമ്മ വീട്ടുജോലി ചെയ്തും മറ്റുമാണ് ജീവിതം പുലര്‍ത്തുന്നത്. മകള്‍ അമ്മിണി അമ്മയാണ് കാര്‍ത്യായനിക്ക് പഠിക്കാനുള്ള പ്രചോദനം. സ്‌കൂള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയ അമ്മിണി അമ്മ 51ാം വയസില്‍ പത്താം തരം തുല്യതാ പരീക്ഷ പാസായിരുന്നു.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കാര്‍ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.

100 ശതമാനം സാക്ഷരത ലക്ഷ്യമിട്ടുള്ള അക്ഷര ലക്ഷം പദ്ധതിയില്‍ 43,330 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 37,166 വനിതകള്‍ ഉള്‍പ്പെടെ 42,933 പേര്‍ യോഗ്യത നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss