|    Nov 21 Wed, 2018 5:46 pm
FLASH NEWS
Home   >  Kerala   >  

നെയ്യാറ്റിന്‍കര കൊലപാതകം: പോലിസിനു ഗുരുതര വീഴ്ച; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 8th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം:തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി തള്ളിയിട്ട യുവാവ് വാഹനം കയറി കൊല്ലപ്പെട്ട സംഭവത്തില്‍ സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലിസിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍.
പ്രതീഷ്‌കുമാര്‍, ഷിബു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി പോലിസിലെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. രാവിലെ 9.45നു അപകടം നടന്ന് തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ സനല്‍കുമാറിനെ ഒരു മണിക്കൂറിനു ശേഷം 11.05ഓടെയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നാണു റിപോര്‍ട്ട്. മാത്രമല്ല, പരിക്കേറ്റ സനല്‍കുമാറിനെ നേരെ ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനു പകരം സമീപത്തെ പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും തെളിയിക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ടു. എന്നാല്‍, ആംബുലന്‍സിനു വേണ്ടിയാണ് സ്റ്റേഷനിലെത്തിച്ചതെന്നും പോലിസുകാരുടെ ഡ്യൂട്ടിമാറ്റത്തിനു വേണ്ടിയാണ് അല്‍പസമയം കാത്തിരുന്നതെന്നുമുള്ള വിചിത്രവാദമാണ് പോലിസ് ഉന്നയിക്കുന്നത്. ഏതായാലും ഡിവൈഎസ്പി കുറ്റക്കാരനായ കേസില്‍ യുവാവിനെ മരണത്തിലേക്കു നയിക്കുന്നതില്‍ മറ്റുചില പോലിസുകാര്‍ക്കു കൂടി പങ്കുണ്ടെന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അതേസമയം. കൊടങ്ങാവിള കാവുവിള സ്വദേശി സനല്‍കുമാര്‍(32) കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ആലുവ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണസംഘത്തെ ഇതുവരെ നിയോഗിച്ചിട്ടില്ല. ഡിവൈഎസ്പിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കുന്നുണ്ട്. രണ്ടുദിവസം മുമ്പാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി കാറിന് മുന്നിലേക്ക് പിടിച്ചുതള്ളിയ കാവുവിള സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണ വിധേയമായി ഡിവൈഎസ്പിയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. പോലിസിലെ രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പി ഹരികുമാറിനെ ക്രമസമാധാന ചുമതല നല്‍കരുതെന്ന് നിരവധി തവണ റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ചുമതല നല്‍കിയിരുന്നത്. അതേസമയം, പോലിസിന്റെ അനാസ്ഥ അന്വേഷിക്കണമെന്നും ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss