|    Nov 21 Wed, 2018 12:56 pm
FLASH NEWS
Home   >  Kerala   >  

നെയ്യാറ്റിന്‍കര കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎസ്പി സംസ്ഥാനം വിട്ടെന്നു സൂചന

Published : 7th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി തള്ളിയിട്ട യുവാവ് വാഹനം കയറി കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ റൂറല്‍ എസ്പി സംസ്ഥാന പോലിസ് മേധാവിക്കു കൈമാറി. ഉന്നത പോലിസുദ്യോഗസ്ഥന്‍ പ്രതിയായ കേസ് ക്രൈംബ്രാഞ്ച് അന്വേഷണിക്കുന്നതാണ് ഉചിതമെന്നാണ് ശുപാര്‍ശയിലുള്ളത്. അതേസമയം, കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍ സംസ്ഥാനം വിട്ടതായാണു സൂചന. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ പോലിസ് നീക്കം ഊര്‍ജിതമാക്കിയതിനൊപ്പം ഉടന്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി കാറിന് മുന്നിലേക്ക് പിടിച്ചുതള്ളിയ കാവുവിള സ്വദേശി സനല്‍കുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണ വിധേയമായി ഡിവൈഎസ്പിയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. അതിനിടെ, സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചത് ആഭ്യന്തര വകുപ്പിനെ സമ്മര്‍ദത്തിലാക്കി. ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാല്‍ ഡിവൈഎസ്പി ഹരികുമാറിന് പോലിസില്‍ നിന്നു സഹായം ലഭിക്കുന്നുവെന്നും അതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും സനലിന്റെ ഭാര്യ വിജി ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss