Flash News

കഫീല്‍ഖാനെതിരെ പകയടങ്ങാതെ യു പി പോലിസ്, കൂടുതല്‍ കേസുകള്‍ ചുമത്തി

കഫീല്‍ഖാനെതിരെ പകയടങ്ങാതെ യു പി പോലിസ്, കൂടുതല്‍ കേസുകള്‍ ചുമത്തി
X


ലഖ്‌നൗ : ഡോ കഫീല്‍ഖാനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രതികാര നടപടി തുടരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ അറസ്റ്റു ചെയ്തതിന് പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ഡോ. ഖാനെതിരെ ബഹ്റായിച്ച് പോലിസ് വീണ്ടും കേസെടുത്തു. ഭവനഭേദനം, ജോലി തടസപ്പെടുത്തല്‍, പൊതുസേവകനെ കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയായുണ്ടായ ശിശു മരണങ്ങളെ ആശുപത്രിയിലെത്തിയ ഡോ. കഫീല്‍ഖാന്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ മരണ സംഖ്യ ഉയരുമെന്ന വിവരം കഫീല്‍ ഖാന്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറം ലോകത്തെ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അന്ന് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം മൂത്ത സഹോദരന്‍ അദീല്‍ അഹമ്മദ് ഖാനെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പോലിസ് ഗൊരഖ്പൂരിലെ ഡോക്ടറുടെ വീട്ടില്‍ റെയ്ഡും നടത്തി. ഈ കേസില്‍ ജാമ്യം നേടിയതിന് തൊട്ടു പിന്നാലെ കഫീല്‍ ഖാനെ പോലിസ് മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഒന്‍പത് വര്‍ഷം മുന്‍പ്,മുസഫര്‍ ആലം എന്നയാള്‍ രാജ്ഘട്ട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കഫീലും സഹോദരനും തന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നെന്നും ഇതേ പ്രൂഫ് ഉപയോഗിച്ച് 82 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നുമാണ് മുസഫര്‍ ആലം 2009ല്‍ നല്‍കിയ പരാതി.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കഫീല്‍ഖാനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ബഹ്‌റായ്ച്ച് പോലിസ് കേസെടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it