|    Sep 23 Sun, 2018 4:13 pm
FLASH NEWS
Home   >  Kerala   >  

നവകേരളം: പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി

Published : 31st August 2018 | Posted By: sruthi srt

തിരുവനന്തപുരം: ദുരിതാശ്വാസം പുനരധിവാസം പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനം ഏകകണ്ഠമായി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നതുപോലെ അതിബൃഹത്തായ പുനരധിവാസപുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വിഭവ സമാഹരണം ഒരു വെല്ലുവിളിയാണ്. നാം ഒരുമിച്ചു നിന്നാല്‍ ഈ വെല്ലുവിളി തരണം ചെയ്യാനും വിജയകരമായി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാസമ്മേളനം കഴിഞ്ഞശേഷം ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിഭവസമാഹരണത്തിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ ഏറെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാന്‍, ബഹ്‌റിന്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്.
എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബര്‍ 3ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍
കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
മലപ്പുറം – കെ.ടി. ജലീല്‍
പാലക്കാട് – എ.കെ. ബാലന്‍
തൃശ്ശൂര്‍ – സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍
എറണാകുളം – എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജന്‍ സഹായിക്കും)
ഇടുക്കി – എം.എം. മണി
കോട്ടയം – തോമസ് ഐസക്, കെ. രാജു
ആലപ്പുഴ- ജി. സുധാകരന്‍, തിലോത്തമന്‍
പത്തനംതിട്ട – മാത്യു ടി തോമസ്
കൊല്ലം- മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സപ്തംബര്‍ 11ന് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചു. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കിപ്പണിയുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഹ്വാനത്തിന് ലോകമെങ്ങുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു എന്നത് നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത് എന്നതാണ്. രാജ്യത്തിനും ലോകത്തുനും മികച്ച മാതൃകകള്‍ സമ്മാനിച്ച കൊച്ചു സംസ്ഥാനമാണ് കേരളം. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss