|    Oct 16 Tue, 2018 12:16 pm
FLASH NEWS
Home   >  Kerala   >  

‘മരണാനന്തരമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?’; നജ്മല്‍ ബാബുവിന്റെ ഇഷ്ടങ്ങള്‍ ചിതയില്‍ ഒടുക്കി സഹോദരങ്ങള്‍

Published : 3rd October 2018 | Posted By: afsal ph

കൊടുങ്ങല്ലൂര്‍: ‘ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ?
നോക്കൂ! മൗലവി, ജനനം ”തിരഞ്ഞെടുക്കുവാന്‍” നമുക്ക് അവസരം ലഭിക്കുന്നില്ല.
മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?.
എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം’. ചേരമാന്‍ പള്ളിപ്പറമ്പിലെ മൈലാഞ്ചി ചുവട്ടില്‍ അന്തിയുറങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ടി എന്‍ ജോയ് 2013 ല്‍ സുലൈമാന്‍ മൗലവിക്ക് എഴുതിയ കത്തിലെ വരികളാണിത്. ഇസ്്‌ലാം മതം സ്വീകരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ടി എന്‍ ജോയ് ഈ കത്തെഴുതിയത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഒന്നാമത്തെ ഇരകളായ മുസ്്‌ലിംകളോട് അദ്ദേഹം എന്നും ചേര്‍ന്ന് നിന്നിരുന്നു. രാഷ്ട്രീയമായ ഈ ഐക്യപ്പെടലിന്റെ ഭാഗം തന്നേയായിരുന്നു മരിക്കുമ്പോള്‍ ചേരമാന്‍ പള്ളിപ്പറമ്പില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും. അന്ന് മുസ്്‌ലിം അല്ലാതിരുന്നതിനാല്‍ വിശ്വാസികള്‍ തന്റെ ആവശ്യത്തിന് തടസ്സം നില്‍ക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ടി എന്‍ ജോയ് സുലൈമാന്‍ മൗലവിക്ക് കത്തെഴുതിയത്.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ നടന്ന നജ്മല്‍ ബാബു അനുസ്മരണ ചടങ്ങില്‍ ഉഷാകുമാരി സംസാരിക്കുന്നു

‘പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്, വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ, എന്റെ വിശ്വാസം’. എന്ന് തുടങ്ങുന്ന കത്തില്‍ ടി എന്‍ ജോയ് തന്റെ ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസിയല്ലാത്ത താന്‍ മരിച്ചാല്‍ മുസ്്‌ലിം പള്ളിയില്‍ ഖബറടക്കാന്‍ മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ സുലൈമാന്‍ മൗലവിക്ക് കഴിയുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ 2015 ല്‍ ഇസ്്‌ലാം മതം സ്വീകരിച്ച നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസ്സം നിന്നത് യുക്തിവാദികളായ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ തന്നേയാണ്. സഹോദരന്‍ ടി എന്‍ മോഹനന്റെ വസതിയില്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ നജ്മല്‍ ബാബുവിന്റെ മൃതദേഹം ബലം പ്രയോഗിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. നജ്മല്‍ബാബുവിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ ജുമാ മസ്ജിദില്‍ ഖബറടക്കണമെന്ന സഹപ്രവര്‍ത്തകരുടെ ആവശ്യത്തെ അവഗണിച്ച് സഹോദരന്റെ വസതിയില്‍ ദഹിപ്പിക്കാനുള്ള നീക്കം ഏറെ നേരത്തെ തര്‍ക്കത്തിലേക്ക് നീണ്ടു. മൃതദേഹം വഹിച്ച ആംബുലന്‍സിന് മുന്‍പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവും നടത്തി. ഒടുവില്‍ പ്രതിഷേധക്കാരെ പോലിസ് പിടിച്ചുനീക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. അവസാനം നജ്മല്‍ ബാബുവിന്റെ ഭൗതിക ശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ചിതയില്‍ എരിഞ്ഞടങ്ങി. നജ്മല്‍ ബാബുവിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേരമാന്‍ പള്ളി മുറ്റത്ത് ഒത്തുകൂടി. അനുസ്മരണ ചടങ്ങില്‍ മഹല്ല ഭാരവാഹി ഡോ. സെയ്ദ്, നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കളായ അംബിക, വി ആര്‍ അനുബ്, മുഹമ്മദ് ടി വേളം, ബാബുരാജ് ഭഗവതി, ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss