|    Oct 22 Mon, 2018 1:28 pm
FLASH NEWS
Home   >  Kerala   >  

എന്നെ ചേരമാന്‍ പള്ളിയില്‍ അടക്കണം; നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം സാധിക്കുമോ?

Published : 3rd October 2018 | Posted By: mtp rafeek

കൊടുങ്ങല്ലൂര്‍: ഇന്നലെ അന്തരിച്ച മുന്‍ നക്്‌സല്‍ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷ കത്ത് ചര്‍ച്ചയാവുന്നു. മരിച്ചാല്‍, തന്നെ ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യണമെന്ന നജ്്മല്‍ ബാബു ആഗ്രഹം പ്രകടിപ്പിച്ച കത്താണ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 2013 ഡിസംബര്‍ 13ന് അന്നത്തെ ചേരമാന്‍ പള്ളി ഇമാം വി എം സുലൈമാന്‍ മൗലവിക്കാണ് ടി എന്‍ ജോയി എന്ന നജ്്മല്‍ ബാബു സ്വന്തം കൈപ്പടയില്‍ കത്തെഴുതിയത്. ടി എന്‍ ജോയി ഇസ്്‌ലാം മതം സ്വീകരിച്ച് നജ്്മല്‍ ബാബു എന്ന പേര് സ്വീകരിക്കുന്നതിന് ഒരു വര്‍ഷത്തോളം മുമ്പായിരുന്നു അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആഗ്രഹമാണ് താന്‍ ഉന്നയിക്കുന്നതെന്നും താന്‍ മരിക്കുമ്പോള്‍ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കുവാന്‍ കഴിയുമോ എന്നും കത്തിന്റെ തുടക്കത്തില്‍ നജ്്മല്‍ ബാബു ചോദിക്കുന്നു. മുസ്്‌ലിം സമുദായത്തിലെ അനേകരോടൊപ്പം തന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുവാന്‍, പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി തന്നോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

കത്തിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്്‌ലിംകളായിരുന്നു ഇപ്പോഴും!

ഞാന്‍ മരിക്കുമ്പോള്‍ തന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കുവാന്‍ കഴിയുമോ?
നോക്കൂ! മൗലവീ, ജനനം ‘തിരഞ്ഞെടുക്കുവാന്‍’ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛന്‍ എന്നെ മടിയില്‍ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബരിപള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ ‘മുസ്്‌ലിം സാഹോദര്യങ്ങളുടെ’ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.

മുസ്്‌ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന എന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുവാന്‍,
പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

നിര്‍ത്തട്ടെ,
സ്‌നേഹത്തോടെ,
സ്വന്തം കൈപ്പടയില്‍

ടി എന്‍ ജോയ്
മുസ്രിസ്സ്. ഡിസം. 13/ 2013
(ഒപ്പ്)

നജ്്മല്‍ ബാബുവിന്റെ ഭൗതിക ശരീരം ബന്ധുക്കളുടെ അനുമതിയോടെ മസ്്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ചേരമാന്‍ പള്ളി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം, അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ മൃതദേഹം ഹിന്ദു മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് വാശിപിടിക്കുന്നതായാണ് അറിയുന്നത്. പൊതു ദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss