|    Nov 21 Wed, 2018 3:04 am
FLASH NEWS
Home   >  National   >  

സാക്ഷിയുടെ വെളിപ്പെടുത്തല്‍; മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

Published : 5th November 2018 | Posted By: mtp rafeek

അഹ്മദാബാദ്: സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തല്‍, നരേന്ദ്ര മോദിയുടെ വിമര്‍ശകനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാക്കുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായിരുന്നു ഹരേന്‍ പാണ്ഡ്യ നടത്തിയ വെളിപ്പെടുത്തല്‍ മോദിയെയും അമിത്ഷായെയും കുരുക്കിലാക്കുമെന്ന സാഹചര്യത്തിലാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ഇതേക്കുറിച്ചാണ് ഇപ്പോള്‍ സിബിഐ വിചാരണ കോടതിയില്‍ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

2003 മാര്‍ച്ച് 26ന് അഹ്മദാബാദിലെ ഒരു പാര്‍ക്കിന് പുറത്താണ് വെടിയുണ്ടകളേറ്റ് തുളഞ്ഞ നിലയില്‍ പാണ്ഡ്യയുടെ മൃതദേഹം കണ്ടെത്തിയത്. 15 വര്‍ഷത്തിന് ശേഷവും കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ഉത്തരവാദികളെന്ന് നേരത്തേ സിബിഐ ആരോപിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരെ മുഴുവന്‍ ഗുജറാത്ത് ഹൈക്കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

സുഹ്‌റബുദ്ദീന്‍, ഭാര്യ കൗസര്‍ബി, കൂട്ടാളി തുളസീറാം പ്രജാപതി തുടങ്ങിയവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പോലിസുകാര്‍ക്കെതിരേ എടുത്ത കേസിലെ സാക്ഷിയായ അസം ഖാനാണ് ശനിയാഴ്ച്ച കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ ഡിജി വന്‍സാരയാണ് കൊല നടത്താന്‍ ഉത്തരവിട്ടതെന്നാണ് അസം ഖാന്‍ മൊഴി നല്‍കിയത്.

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന പ്രതിയായ വന്‍സാരയെ 2017 ആഗസ്ത് ഒന്നിന് വിചാരണ കോടതി കേസില്‍ നിന്നൊഴിവാക്കിയിരുന്നു. സുഹ്‌റബുദ്ദീന്‍, കൗസര്‍ബി, പ്രജാപതി കൊലപാതകക്കേസില്‍ രാജസ്ഥാനിലെയും ഗുജറാത്തിലെയും പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പേരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.

കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ചിരുന്ന അമിത്ഷാ ഉള്‍പ്പെടെയുള്ളവരെ നേരത്തേ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐ അപ്പീല്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അസം ഖാന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാവുകയാണ്.

ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ കരാര്‍ നല്‍കിയത് ആരാണെന്ന കാര്യം കൊല നടപ്പാക്കിയ സുഹ്‌റബൂദ്ദിന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് അസം ഖാന്‍ കോടതിയില്‍ വെളിപ്പെടുത്തി. 2010ല്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ എസ് രാജുവിനോടും താന്‍ ഇതേ കാര്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍, ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് പറഞ്ഞ് അദ്ദേഹം ഇക്കാര്യം തള്ളിക്കളയുകയായിരുന്നുവെന്നും അസം ഖാന്‍ അറിയിച്ചു.

2002ലെ ഗുജറാത്ത് കലാപത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പങ്ക് സംബന്ധിച്ച് കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രിബ്യൂണലിന് മുന്നില്‍ പാണ്ഡ്യ തെളിവ് നല്‍കിയിരുന്നു. 2002 ആഗ്‌സതില്‍ ഔട്ട്‌ലുക്ക് മാഗസിനോട് പേര് വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തിലും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. 2002 ഫെബ്രുവരി 27ന് മോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കലാപകാരികളെ തടയരുതെന്നും ഹിന്ദുക്കളെ അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായായിരുന്നു പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പ്രസിദ്ധീകരിക്കുമ്പോള്‍ തന്റെ പേരോ സൂചനകളോ നല്‍കരുതെന്നും അങ്ങിനെ ഉണ്ടായാല്‍ താന്‍ കൊല്ലപ്പെടുമെന്നും പാണ്ഡ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏഴ് മാസത്തിന് ശേഷമാണ് പാണ്ഡ്യ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഇതേക്കുറിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ അവകാശപ്പെട്ടിരുന്നത്, ഗുജറാത്ത് കലാപത്തില്‍ പാണ്ഡ്യ വഹിച്ച പങ്കിന് പ്രതികാരം ചെയ്യാന്‍ മുഫ്തി സുഫിയാന്‍ എന്ന മുസ്‌ലിം പുരോഹിതന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നായിരുന്നു. വിചാരണക്കോടതിയില്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ പലതും പരാജയപ്പെട്ടെങ്കിലും പോട്ട നിയമപ്രകാരം കസ്റ്റഡിയില്‍ നിര്‍ബന്ധിച്ച് എടുത്ത മൊഴിയുടെ ബലത്തില്‍ ഇവരെ ശിക്ഷിക്കുകയായിരുന്നു. 2007ലാണ് 12 മുസ്‌ലിം ചെറുപ്പക്കാരെ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചത്. എന്നാല്‍, 2011ല്‍ മുഴുവന്‍ പേരെയും ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. വ്യാജമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് കേസ് എന്നും ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ സി മോദിയാണ് സിബിഐ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തെ 2017 സപ്തംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്‍ഐഎയുടെ മേധാവിയാക്കിയിരുന്നു.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായെങ്കിലും പാണ്ഡ്യയുടെ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തുന്നതിന് പകരം പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുകയാണ് സിബിഐ ചെയ്തത്. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

പല രഹസ്യങ്ങളും അറിയാമായിരുന്ന സുഹ്‌റബുദ്ദീനെയും കൗസര്‍ബിയെയും പിന്നീട് പ്രജാപതിയെയും പോലിസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിവരവും അസം ഖാന്‍ കോടതിക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏറ്റുമുട്ടല്‍ കൊലകളില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് പങ്കുണ്ടെന്ന് കേസില്‍ വിചാരണത്തടവുകാരനായി കഴിയവേ വന്‍സാര തന്നെ 2013ല്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. 2013 സപ്തംബര്‍ 1ന് ഗുജറാത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റുമുട്ടല്‍ കൊല നടപ്പാക്കിയതിന്റെ പേരിലാണ് താനും മറ്റു പോലിസ് ഉദ്യോഗസ്ഥരും ജയിലില്‍ കഴിയുന്നതെങ്കില്‍ ഇതിന് ഉത്തരവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്. സുഹ്‌റബുദ്ദീന്‍, തുളസീറാം പ്രജാപതി, സാദിഖ് ജമാല്‍, ഇശ്‌റത്ത് ജഹാന്‍ എന്നിവരുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സര്‍ക്കാര്‍ നയം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. കേസില്‍ അമിത് ഷാ തങ്ങളെയെല്ലാം ബലിയാടാക്കി സ്വന്തം താല്‍പര്യം സംരക്ഷിക്കുകയാണ് ചെയ്തതെന്നും വന്‍സാര വെളിപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss