|    Nov 18 Sun, 2018 3:22 am
FLASH NEWS
Home   >  News now   >  

മുത്വലാഖ് ഓര്‍ഡിനന്‍സ്: സമസ്ത ഹരജി സുപ്രിംകോടതി തള്ളി

Published : 2nd November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയത്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അതിലെ വ്യവസ്ഥകള്‍ സ്വാഭാവികനീതി നിഷേധിക്കുന്നതാണെന്നുമാണ് സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിനു മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന 14, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച 21 വകുപ്പുകള്‍ക്ക് ഓര്‍ഡിനന്‍സ് എതിരായതിനാല്‍ അത് ഭരണഘടനാ വിരുദ്ധമാണ്. അടിയന്തര ഘട്ടങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ രാഷ്ട്രപതിക്കുള്ള പ്രത്യേക അധികാരമാണ് ഓര്‍ഡിനന്‍സ്. എന്നാല്‍, മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട യാതൊരു അടിയന്തര സാഹചര്യവും ഇപ്പോഴില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിം സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെങ്കില്‍ മുത്വലാഖ് ചൊല്ലിയ പുരുഷനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്‌ചെയ്ത് ജയിലിലടക്കുന്നതിന്റെ യുക്തി ചോദ്യംചെയ്താണ് ഹരജി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരായ ഡോ. സയ്യിദ് ഫാറൂഖ്, മുഹമ്മദ് സിദ്ദിഖ് എന്നിവരും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതിയും ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss