|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  National   >  

മധ്യപ്രദേശില്‍ ബിജെപിക്കു മാത്രമല്ല, കോണ്‍ഗ്രസിനും മുസ്ലിംകളെ വേണ്ട

Published : 6th November 2018 | Posted By: mtp rafeek

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വവും മൃദുഹിന്ദുത്വവും തമ്മിലുള്ള മല്‍സരത്തില്‍ മുസ്്‌ലിംകള്‍ പുറത്ത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഒറ്റ മുസ്്‌ലിംകളെപ്പോലും ഉള്‍പ്പെടുത്താതിരുന്ന ബിജെപിക്കൊപ്പം മല്‍സരിക്കുകയാണ് കോണ്‍ഗ്രസും. ബിജെപി സൃഷ്ടിച്ച വര്‍ഗീയ ധ്രൂവീകരണത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് കണ്ടുപിടിച്ചിരിക്കുന്ന വഴി മൃദുഹിന്ദുത്വമാണ്.

ബിജെപിയെ ഭയന്ന് മുസ്്‌ലിംകള്‍ എന്തായാലും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ ബോധ്യമാണ് ഈ അവഗണനയ്ക്ക് കാരണമെന്ന് മുസ്്‌ലിം നേതാക്കള്‍ പറയുന്നു. കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ മുസ്്‌ലിംസ് സ്റ്റേറ്റ് സെക്രട്ടറി മസൂദ് അഹ്്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഹാജി ഹാറൂണ്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ അസംതൃപ്തി പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധി പോലും മൃദുഹിന്ദുത്വമാണ് കളിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണമാണ് ഇതിനു കാരണം. അതേ സമയം, ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ള മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാനത്തില്ലെന്നതാണ് ദുഖകരമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുസ്്‌ലിംകള്‍ക്ക് നല്ലൊരു നേതൃത്വമില്ലെന്നതാണ് പ്രധാന കാരണമെന്ന് ഹാറൂണ്‍ വിശദീകരിച്ചു. മധ്യപ്രദേശില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ അതാണ് സ്ഥിതി. മുസ്്‌ലിം സംഘടനകള്‍ക്ക് മുസ്്‌ലിം ജനസമൂഹവുമായി ബന്ധമൊന്നുമില്ല. സംസ്ഥാനത്ത് ഗുജറാത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ച ബിജെപി മുസ്്‌ലിംകള്‍ക്ക് സീറ്റ് നല്‍കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. മതേതര പാര്‍ട്ടികളെന്നു പറയുന്നവര്‍ മുസ്്‌ലിംകളെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. നല്ല സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്ന വഴി മാത്രമാണ് ഇപ്പോള്‍ മുസ്്‌ലിംകള്‍ക്കു മുന്നില്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലാണ് മല്‍സരം. ബിജെപി പുറത്തുവിട്ട 177 പേരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു മുസ്്‌ലിം പോലുമില്ല. കോണ്‍ഗ്രസിന്റെ 155 അംഗ പട്ടികയില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്്‌ലിംകള്‍. ബുര്‍ഹാന്‍പൂര്‍, ഭോപ്പാല്‍ ഉത്തര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്റെ മുസ്്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്.

നിലവിലുള്ള ബിജെപി സര്‍ക്കാര്‍ മുസ്്‌ലിംകള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഉര്‍ദു അക്കാദമിയിലോ വഖ്ഫ് ബോര്‍ഡിലോ വര്‍ഷങ്ങളായി കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഹജ്ജ് കമ്മിറ്റിക്ക് ചെയര്‍മാനില്ല. മദ്്‌റസ ബോര്‍ഡിലും ആവശ്യമായ ജീവനക്കാരില്ല.

ചുരുങ്ങിയത് 20 മണ്ഡലങ്ങളിലെങ്കിലും സംസ്ഥാനത്ത് മുസ്്‌ലിംകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്. സത്‌ന, ബതോണി, ജബല്‍പൂര്‍, ഖാണ്ട്വ, രത്‌ലം, ഉജ്ജെയിന്‍, തുടങ്ങിയവ ഇതില്‍പ്പെടുന്നു. 2011ലെ സെന്‍സസ് പ്രകാരം 6.57 ശതമാനം ആണ് സംസ്ഥാനത്തെ മുസ്്‌ലിം ജനസംഖ്യ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss