|    Nov 17 Sat, 2018 1:43 pm
FLASH NEWS
Home   >  National   >  

200 പേര്‍ക്കെതിരേ യുഎപിഎ കേസ്; യുപിയിലെ ഗ്രാമത്തില്‍ നിന്ന് മുസ്ലിംകള്‍ പലയാനം ചെയ്യുന്നു

Published : 2nd November 2018 | Posted By: mtp rafeek

ഗ്രാമവാസിയായ ജെയ്തൂന

ലഖ്‌നോ: നേപ്പാള്‍ അതിര്‍ത്തിയിലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഖൈര്‍ ഗ്രാമത്തില്‍ നിന്ന് ഭൂരിഭാഗം യുവാക്കളും പോലിസ് അറസ്റ്റ് ഭയന്ന പലായനം ചെയ്തു. ഒക്ടോബര്‍ 20ന് ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 200ഓളം മുസ്ലിംകള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്നാണ് ബഹ്‌റയ്ച്ച് ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് ആളുകള്‍ വീടുപേക്ഷിച്ച് പോയത്.

ഗ്രാമത്തിലൂടെ ദുര്‍ഗാ വിഗ്രഹ നിമജ്ജന യാത്ര കടന്നുപോകവേയാണ് സംഘര്‍ഷമുണ്ടായത്. പ്രദേശവാസികള്‍ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ചു എന്നാരോപിച്ച് അശീഷ് കുമാര്‍ ശുക്ല എന്നയാളാണ് പോലിസില്‍ പരാതി നല്‍കിയത്. എഫ്‌ഐആറില്‍ ഗ്രാമത്തിലെ 80 മുസ്ലിംകളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറിനും ഇരുനൂറിനും ഇടയില്‍ പേര്‍ക്കെതിരേയും കേസുണ്ട്.

ഖൈറില്‍ നിന്ന് 19 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു 52 പേരെ തിരിച്ചറിഞ്ഞതായും പോലിസ് പറയുന്നു. എന്നാല്‍, കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയത് തെറ്റായിപ്പോയെന്ന് പോലിസ് തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. ഈ വകുപ്പ് എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കുമെന്നും പോലിസ് അവകാശപ്പെടുന്നു.

ആളൊഴിഞ്ഞ വീടുകള്‍

അതേ സമയം, ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഉണ്ടായിരുന്ന ചിലര്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്ലിംകളുടെ നേര്‍ക്ക് ഘോഷയാത്രയില്‍ ഉണ്ടായിരുന്നവര്‍ കുങ്കുമപ്പൊടി വാരിയെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായെങ്കിലും അത് പറഞ്ഞു തീര്‍ത്തു.

തുടര്‍ന്ന് സമീപത്തുള്ള മസ്ജിദിനകത്തേക്ക് കുങ്കുമപ്പൊടിയെറിഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

മുസ്ലികളും ഹിന്ദുക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെങ്കിലും പോലസ് മുസ്ലിംകള്‍ക്കെതിരേ മാത്രമാണ് കേസെടുത്തതെന്ന് ഗ്രാമവാസിയായ 63 വയസുള്ള ജെയ്തൂന പറഞ്ഞു. ഘോഷയാത്രയില്‍ നിന്ന് കല്ലെറിയുകയും തങ്ങളുടെ വീടുകളും കടകളും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരേ ഒരു കേസുമെടുത്തില്ലെന്ന് അവര്‍ ആരോപിച്ചു. പോലിസ് വീടുകളില്‍ റെയ്ഡ് തുടങ്ങിയതിനെ തുടര്‍ന്ന് യുവാക്കളെല്ലാം ഗ്രാമം വിട്ടുപോയി.

മുന്‍ ഗ്രാമത്തലവന്‍ മുഹമ്മദ് റഷീദ്, ഖൈര്‍ ബസാര്‍ ജുമാ മസ്ജിദിലെ ഇമാം ഹാഫിസ് അബ്ദുല്‍ ബാരി തുടങ്ങിയവരും പലായനം ചെയ്തവരില്‍പ്പെടുന്നു.

അതേ സമയം, പ്രദേശവാസികള്‍ നല്‍കിയ എട്ട് വീഡിയോകളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലിസ് അവകാശപ്പെടുന്നു. ഹിന്ദുക്കള്‍ക്കെതിരേ എന്ത് കൊണ്ട് കേസെടുത്തില്ലെന്ന ചോദ്യത്തിന് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ അക്രമം നടത്തിയതായി വീഡിയോയില്‍ കാണുന്നില്ലെന്നാണ് പോലിസിന്റെ മറുപടി.

യുഎപിഎ തെറ്റായാണ് ചുമത്തിയതെന്ന് ബഹ്‌റായ്ച്ച് അഡീഷന്‍ പോലിസ് സൂപ്രണ്ട് രവീന്ദ്ര കുമാര്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss