Dont Miss

ഭാവിയെന്തെന്നറിയാതെ അസമിലെ 40 ലക്ഷം പൗരന്മാര്‍; സ്വാതന്ത്ര്യപോരാളികളുടെ പിന്മുറക്കാരും പട്ടികക്ക് പുറത്ത്

ഭാവിയെന്തെന്നറിയാതെ അസമിലെ 40 ലക്ഷം പൗരന്മാര്‍; സ്വാതന്ത്ര്യപോരാളികളുടെ പിന്മുറക്കാരും പട്ടികക്ക് പുറത്ത്
X


ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പുറത്തിറക്കിയപ്പോള്‍ പുറത്തായത് 40 ലക്ഷത്തിലേറെ പേര്‍. അസം പ്രദേശങ്ങളെ അന്നത്തെ കിഴക്കന്‍ പാകിസ്താനോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബങ്ങള്‍ മുതല്‍ അസം അസംബ്ലിയിലെ മുന്‍ ഡപ്യൂട്ടി സ്പീക്കറുടെ കുടുംബവും മുന്‍ ഡിജിപിയുടെ കുടുംബവും വരെ പട്ടികയില്‍ നിന്ന് പുറത്തായി. മൂന്ന് പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ സേവനം ചെയ്ത് റിട്ടയര്‍ ചെയ്തവരും പൗരന്മാരല്ലാതായി.

മതഭ്രാന്തും വെറുപ്പും മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയവരെ നയിച്ചതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്ന് രാജ്യത്തെ പ്രധാന മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ആള്‍ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നാവിസ് ഹമീദ് പ്രതികരിച്ചു. ബംഗാളി സംസാരിക്കുന്ന പൗരന്മാരെ(ഭൂരിഭാഗവും മുസ്‌ലിംകള്‍) പരമാവധി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ബിഹാറില്‍ വേരുകളുള്ള നിരവധി പേരും പട്ടികയ്ക്ക് പുറത്തായി.

പാസ്‌പോര്‍ട്ട്, ആധാര്‍ പോലുള്ള രേഖകള്‍ പോലും അവഗണിച്ച് കൊണ്ട് തയ്യാറാക്കിയ പൗരത്വ രജിസ്റ്റര്‍ കൃത്രിമവും പിഴവുകള്‍ നിറഞ്ഞതുമാണ്. രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ബംഗാളി സംസാരിക്കുന്നവര്‍ നുഴഞ്ഞു കയറിയവരാണെന്ന പ്രതീതി സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗാളി മുസ്‌ലിംകളായ 40 ലക്ഷത്തോളം പേര്‍ക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയാണ് പൗരത്വ രജിസ്റ്ററിന് പിന്നിലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ രണ്ടു മാസത്തോളം വീണ്ടും അവസരം നല്‍കുമെന്നാണ് പറയുന്നത്.
ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ 40 ലക്ഷത്തോളം പേരുടെ രേഖകള്‍ പരിശോധിച്ച് തീരുമാനം എടുക്കുക എന്നതു തീര്‍ത്തും അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയ 3.29 കോടി പേരില്‍ 2.89 കോടി പേരുകള്‍ ഉള്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരട് പട്ടിക തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. പട്ടികയില്‍ ഇല്ലാത്തവരെ ഉടനെ തടവ് കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 40 ലക്ഷത്തോളം പേര്‍ ഇനിയും എന്ത് രേഖകള്‍ കാണിച്ചാണ് പൗരത്വം തെളിയിക്കുക എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

രാജ്യത്തിന്റെ സാമൂഹിക-ഭൂമിശാസ്ത്ര സാഹചര്യത്തില്‍ വലി ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാ മഹ്മൂദ് മദനി പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് എടുക്കുന്നതിന് മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ മാനുഷിക വശം അവഗണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നല്‍കും. സുപ്രിം കോടതിയില്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അസമിലെ ജംഇയ്യത്ത് യൂനിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരും മറ്റ് വിദഗ്ധരും ഉള്‍പ്പെട്ട 1500 പേരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും മഹ്മൂദ് മദനി പറഞ്ഞു.

ഇന്ത്യക്കാരല്ലെന്ന് അധികൃതര്‍ പറയുന്ന 40 ലക്ഷം പേരെ എവിടേക്കാണ് അയക്കാന്‍ പോവുന്നതെന്ന് രാജ്യസഭാ എംപിയും എന്‍സിപി നേതാവുമായ അഡ്വ മജീദ് മേമന്‍ ചോദിച്ചു. ഒരു രാജ്യവും അവരെ സ്വീകരിക്കില്ല. അവരെ ബംഗാള്‍ ഉള്‍ക്കടലില്‍ എറിയുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ തീരുമാനം അധാര്‍മികവും നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്. കുടുബവുമൊത്ത് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്നവരാണ് ഈ 40 ലക്ഷം പേര്‍. പലരും ജനപ്രതിനിധികളാണ്. പെട്ടെന്നൊരു ദിവസം ഇവര്‍ പൗരന്മാരല്ലാതാവുന്നത് ചിന്തിക്കാന്‍ സാധിക്കാത്തതാണ്.

രാജ്യത്തെ പൗരന്മാരാണോ എന്ന് തീരുമാനിക്കുന്നതിന് 50 വര്‍ഷത്തെ കാലപരിധി വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ മേമന്‍ അഭിപ്രായപ്പെട്ടു. ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് ബിജെപി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം കരുതുന്നു. കാരണം മഹാഭൂരിപക്ഷവും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന ഇവര്‍ തങ്ങളുടെ വോട്ടര്‍മാരല്ലെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it