Dont Miss

സെല്‍ഫി ഭീഷണിയില്‍ ഒരു പൂക്കാലം

സെല്‍ഫി ഭീഷണിയില്‍ ഒരു പൂക്കാലം
X


വീണ്ടുമൊരിക്കല്‍ക്കൂടി നീലക്കുറിഞ്ഞികളെ വരവേല്‍ക്കാനൊരുങ്ങുകയാണു മൂന്നാര്‍. 12 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന ഈ പൂക്കാലം വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂലൈ മുതലാണ് പൂക്കാലം പ്രതീക്ഷിക്കുന്നതെങ്കിലും തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു മൂന്നാറിലെ വിവിധ വകുപ്പുകള്‍. എക്കാലത്തെയും വലിയ സീസണിനാണ് ഈ ചെറുപ്രദേശം മാസങ്ങള്‍ക്കുള്ളില്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

[caption id="attachment_302508" align="aligncenter" width="560"] image courtesy : wikipedia[/caption]

സീസണല്ലാത്ത സമയങ്ങളില്‍പ്പോലും മണിക്കൂറുകളോളം ഗതാഗതസ്തംഭനവും സൂചികുത്താനിടമില്ലാത്തവിധം ഹോട്ടല്‍ മുറികള്‍ നിറയുന്ന അവസ്ഥയുമാണു മൂന്നാറില്‍ ഇന്നുള്ളത്. എന്നിരുന്നാലും 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന സീസണ്‍ ആഘോഷമാക്കി കൂടുതല്‍ സഞ്ചാരികളെ ഇവിടെയെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.  എട്ടുലക്ഷത്തോളം സഞ്ചാരികളെ എത്തിക്കാനാണു ശ്രമമത്രേ. അത്രയും പേര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ വികസനപ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. റോഡ് വികസനം, കെട്ടിടങ്ങളുടെ നവീകരണം, പാര്‍ക്കിങ് സംവിധാനങ്ങള്‍, ശൗചാലയങ്ങള്‍, ചികില്‍സാ സംവിധാനങ്ങള്‍... ഇതിനെല്ലാം പുറമേ ഇത്രയധികം പേര്‍ വരുന്നതു കണക്കിലെടുത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങള്‍, ദുരന്തനിവാരണ മുന്‍കരുതലുകള്‍...  എന്തു ദുരന്തനിവാരണം? നാലു മാസത്തിനുള്ളില്‍ എട്ടുലക്ഷത്തിലേറെ സഞ്ചാരികള്‍ വരുന്നതിലേറെ വലിയ ദുരന്തം എന്താണ് മൂന്നാറിനെപ്പോലൊരു പരിസ്ഥിതി ദുര്‍ബല പ്രദേശത്തിനു സംഭവിക്കാനുള്ളത്?

അവിടെ ഇന്നു കാണുന്ന പ്രകൃതി തന്നെ കാലാകാലങ്ങളായി മനുഷ്യര്‍ കാണിച്ചുകൂട്ടിയ കൊടുംദ്രോഹങ്ങളുടെ അവശിഷ്ടം മാത്രമാണ്.

ജൈവവൈവിധ്യസമ്പന്നമായ പുല്‍മേടുകളും ചോലവനവും വെട്ടിത്തെളിച്ച് തേയില-യൂക്കാലി തോട്ടങ്ങളുണ്ടാക്കി. വനം കൈയേറി എല്ലാവിധ നിയമങ്ങളും കാറ്റില്‍പ്പറത്തി റിസോര്‍ട്ടുകളും ഹോട്ടലുകളും കെട്ടിപ്പടുത്തു. ഇന്നു സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണ് മൂന്നാര്‍. അവരുടെ ഭാഷയില്‍ മൂന്നാര്‍ ഇന്ത്യയിലെ ഏറ്റവും സുഖകരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ്. സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ച്് ഉണ്ടാക്കിയെടുത്ത തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ജീവനുംകൊണ്ടോടുന്ന മഞ്ഞുമേഘങ്ങളെ നോക്കി അവര്‍ പ്രകൃതിഭംഗിയെ പുകഴ്ത്തും. ഹോട്ടല്‍മുറികളിലും റിസോര്‍ട്ടുകളിലും തിന്നുകുടിച്ച്് അന്തിയുറങ്ങും. പശ്ചിമഘട്ട മലനിരകളുടെ ഏറ്റവും ജൈവവൈവിധ്യസമ്പന്നവും പരിസ്ഥിതി ദുര്‍ബലവുമായ പ്രദേശമാണിവിടം. നീലക്കുറിഞ്ഞികള്‍ മാത്രമല്ല, അത്യപൂര്‍വമായ കാശിത്തുമ്പകളും (ഇംപേഷ്യന്‍സ്) പന്നലുകളും മരവാഴകളും ഇരപിടിയന്‍ ചെടികളുമൊക്കെ മൂന്നാറിലെ സവിശേഷ പ്രകൃതിയുടെ സ്വകാര്യ അഹങ്കാരമാണ്. പേരറിയാത്ത അസംഖ്യം കുഞ്ഞിക്കാട്ടുപൂക്കള്‍ ഇവിടുത്തെ പുല്‍മേടുകളില്‍ വര്‍ഷം മുഴുവന്‍ വസന്തമൊരുക്കാറുണ്ട്.

അത്യാധുനിക കാമറയും ബൈനോക്കുലറുമൊക്കെയായി ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പലരും ഇതൊന്നും കാണുകയോ തിരിച്ചറിയുകയോപോലും ചെയ്യുന്നില്ലെന്നു മാത്രമല്ല, സഞ്ചാരികളുടെ കാലടികള്‍ക്കു കീഴെ ഞെരിഞ്ഞമരാനാണ് ഇവയില്‍ പലതിന്റെയും യോഗം. എല്ലാവര്‍ക്കും വേണ്ടത് മൂന്നു കാര്യങ്ങളാണ്- കുറിഞ്ഞിയും വരയാടും റിസോര്‍ട്ടും. ഇതിനായെത്തുന്ന സഞ്ചാരികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഇതിനകം തന്നെ വലിയ പ്രശ്‌നമായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ഓസോണ്‍ തുളയുമടക്കമുള്ള പറഞ്ഞുതേഞ്ഞ പ്രശ്‌നങ്ങള്‍ മൂന്നാറിന്റെ ലോലപ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഭീഷണി ടൂറിസവും അനുബന്ധ പ്രശ്‌നങ്ങളും തന്നെയാണ്. 1994ല്‍ മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം സന്ദര്‍ശിക്കാനെത്തിയത് ഏതാണ്ട് 25,000 പേര്‍ മാത്രമായിരുന്നത്രേ. ഇന്ന് 10 ലക്ഷത്തിലേറെപ്പേര്‍ മൂന്നാറില്‍ ഓരോ വര്‍ഷവും എത്തുന്നുണ്ട്, സീസണല്ലാത്ത കാലത്തുപോലും.

ഈ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ എത്രലക്ഷമാളുകള്‍ ഈ കുറിഞ്ഞിപ്പൂക്കാലത്ത്് ഇവിടേക്ക് ഇടിച്ചുകയറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സോഷ്യല്‍മീഡിയയിലൂടെ സ്വാഭാവികമായുണ്ടാവുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. എല്ലാത്തിനും ഉപരി, മറ്റൊരു വലിയ ഭീഷണിയും ഇത്തവണത്തെ സീസണില്‍ മൂന്നാറിനെ കാത്തിരിക്കുന്നു- സെല്‍ഫി!  നീലക്കുറിഞ്ഞിപ്പൂക്കളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ സെല്‍ഫിക്കാലമാണ്. സ്വന്തമായി എടുക്കുന്ന സ്വന്തം ചിത്രം എന്ന സാങ്കേതികാര്‍ഥത്തില്‍ ഈ പടമെടുപ്പുപരിപാടിക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഒരു ജ്വരമെന്നപോലെ, സെല്‍ഫിയെന്ന വാക്കും അതിന്റെ പ്രയോഗങ്ങളും പ്രചാരത്തിലായതിനു ശേഷം വരുന്ന ആദ്യത്തെ കുറിഞ്ഞിക്കാലമാണ് വരാന്‍ പോവുന്നത്.

12 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഒരു പൂക്കാലത്തിന്റെ ഓര്‍മയ്ക്ക്, അതിന് സാക്ഷ്യംവഹിച്ചെന്ന്് ലോകത്തോട് വിളിച്ചുപറയാന്‍ കിട്ടുന്ന അപൂര്‍വാവസരം സെല്‍ഫിപ്രിയര്‍ പാഴാക്കുമോ? കൊച്ചിയിലെ മാളിലും മെട്രോയിലുമൊക്കെ സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്ന 'ദേസി' ടൂറിസ്റ്റുകള്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തും, ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന അദ്ഭുതസസ്യം ഒരു പ്രദേശമാകെ ഒരുമിച്ച് പൂത്തുലഞ്ഞുനില്‍ക്കുന്ന വിസ്മയക്കാഴ്ചയുടെ ഭാഗമാവാന്‍. ട്രെയിനിനു മുകളിലും റെയില്‍പ്പാളത്തിലും കൊല്ലികളുടെ വക്കിലുമൊക്കെ ജീവന്‍ അപകടപ്പെടുത്തിപ്പോലും ആളുകള്‍ സെല്‍ഫിയെടുക്കുന്ന കാലമാണ്. മെട്രോയും മാളുമൊക്കെ കുറേക്കാലത്തേക്കുകൂടി അവിടെയുണ്ടാവുമെങ്കിലും അവയിലൊന്നും സെല്‍ഫിക്കാരുടെ തിരക്ക് ഇനിയുമൊഴിഞ്ഞിട്ടില്ലെന്നോര്‍ക്കണം. പിന്നെയാണോ 12 വര്‍ഷത്തിലൊരിക്കലെ മഹാദ്ഭുതത്തിന്റെ കാര്യം. ആരും പ്രതീക്ഷിക്കാത്തത്ര ആളുകള്‍ മൂന്നാറിലെത്തുമെന്ന് ഉറപ്പാണ്. ശരിക്കുമൊരു 'ഭക്തജനപ്രവാഹം' തന്നെയായിരിക്കും ഇത്തവണ. അതുകൊണ്ട്, സര്‍ക്കാര്‍തലത്തില്‍ മൂന്നാറിന് ഇത്തവണ ആവശ്യം കൂടുതല്‍ ആളുകളെയെത്തിക്കാന്‍ ലക്ഷ്യമിടുന്ന ടൂറിസം പ്രചാരണമല്ല, അവിടത്തെ പ്രകൃതിക്കും പരിസ്ഥിതിക്കും സംരക്ഷണം നല്‍കാന്‍ ഉതകുന്ന നിയന്ത്രണ നടപടികളാണ്.

അല്ലാത്തപക്ഷം മാലിന്യങ്ങളും വണ്ടിപ്പുകയും റിസോര്‍ട്ട്-ഹോംസ്റ്റേ നവീകരണങ്ങളും നിര്‍മാണപ്രവൃത്തികളും ആള്‍ത്തിരക്കുമെല്ലാം ചേര്‍ന്ന് മൂന്നാറിനെ ഇനിയൊരു കുറിഞ്ഞിക്കാലത്തിനായി അവശേഷിപ്പിക്കില്ല.
Next Story

RELATED STORIES

Share it