Flash News

ഹിന്ദുത്വര്‍ക്കെതിരേയും സമഗ്രാധിപത്യ ശക്തികള്‍ക്കെതിരേയും രണ്ടാം സ്വാതന്ത്യസമരം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹിന്ദുത്വര്‍ക്കെതിരേയും സമഗ്രാധിപത്യ ശക്തികള്‍ക്കെതിരേയും രണ്ടാം സ്വാതന്ത്യസമരം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
X


തിരുവനന്തപുരം: കോണ്‍ഗ്രസിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്നു പറഞ്ഞിട്ടുള്ള സിപിഎമ്മും കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തിയ ബിജെപിയും ഒരു മനസും ഇരുമെയ്യുമായി നീങ്ങുമ്പോള്‍ ഇവര്‍ക്കെതിരേ നിതാന്തജാഗ്രത പുലര്‍ത്തണമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹിന്ദുത്വശക്തികളെയും സമഗ്രാധിപത്യ ശക്തികളെയും ചെറുത്തുതോല്‍പ്പിക്കാന്‍ രണ്ടാം സ്വാതന്ത്യസമരത്തിന് മുല്ലപ്പള്ളി ആഹ്വാനം ചെയ്തു. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിനിര്‍ണായകമായ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിസര്‍ക്കാരിനെ പുറത്താക്കേണ്ടത് ജനാധിപത്യ ശക്തികളുടെ കടമയായതിനാല്‍ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ജനപക്ഷ രാഷ്ട്രീയം സ്വീകരിക്കും. ജനവികാരം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. യാതൊന്നും പ്രതീക്ഷിക്കാതെ പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരോടൊപ്പമായിരിക്കും കോണ്‍ഗ്രസെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരേയും ഫാസിസത്തിനെതിരേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍വനാശത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള യുദ്ധമാണിത്. കോണ്‍ഗ്രസിനു ക്ഷീണമുണ്ടായപ്പോള്‍ വര്‍ഗീയ ശക്തികള്‍ പ്രബലരായി. ജനാധിപത്യ മതേതരശക്തികളെ ഭിന്നിപ്പിച്ചാണ് മോദി അധികാരത്തിലേറിയത്. അധികാരം കയ്യില്‍ കിട്ടിയിട്ടും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഭരണഘടനതന്നെ തകര്‍ക്കപ്പെടുന്ന അവസ്ഥയിലായി. സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്മൂലം യുവാക്കളും കാര്‍ഷികമേഖലയിലെ തകര്‍ച്ചമൂലം കര്‍ഷകരും വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണെന്നു മുല്ലപ്പള്ളി പറഞ്ഞു. ദലിതര്‍, പിന്നാക്കവിഭാഗക്കാര്‍, ന്യൂനപക്ഷം തുടങ്ങിയ എല്ലാവര്‍ക്കം പരിഗണന ഉണ്ടാകും. ജീവിതത്തിന്റെ സര്‍വസ്വവും കോണ്‍ഗ്രിനു സമര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ മകനായ തന്റെ രക്തത്തിലും വികാരങ്ങളിലും ഡിഎന്‍എയിലുമെല്ലാം കോണ്‍ഗ്രസ് മാത്രമാണ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍ സമന്വയത്തിലുടെ തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ഇതു ചരിത്രനിയോഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it