|    Nov 18 Sun, 2018 4:26 pm
FLASH NEWS
Home   >  Kerala   >  

‘ഓന്റെ, എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ!; ബന്ധുനിയമനത്തില്‍ ജലീലിനെ ട്രോളി ബല്‍റാം

Published : 3rd November 2018 | Posted By: afsal ph

-കെ ടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെ ട്രോളി വി ടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജിലാണ് കെ ടി ജലീലിനെ ബല്‍റാം ട്രോളിയത്. ‘കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ!’ എന്ന് ബല്‍റാം തന്റെ പേജില്‍ കുറിച്ചു. ഒറ്റവരിയില്‍ ഒതുക്കിയ ബല്‍റാമിന്റെ വിമര്‍ശനം ഫേസ്ബുക്കില്‍ വലിയ ഹിറ്റായിരിക്കുകയാണ്.
അതേസമയം, ബന്ധുനിയമനത്തിനെതിരേ കോണ്‍ഗ്രസ്സ് ശക്തമായ നിലപാടുമായി രംഗത്തെത്തി. ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നഗ്‌നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകും.
ന്യൂനപക്ഷ കോര്‍പറേഷനില്‍ ബന്ധുവിന് നിയമനം നല്കാന്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവ് വരുത്തിയത്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആളെ ഇന്റര്‍വ്യൂപോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്കുകയാണു ചെയ്തത്. സിപിഎം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയെ പോയാല്‍ മതി എഴുത്തുപരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ സര്‍ക്കാരിന്റെ ഉന്നതതസ്തികകളില്‍ നിയമനം ലഭിക്കും. അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
നേരത്തേ, മന്ത്രി ഇ.പി. ജയരാജന്‍ ബന്ധുനിയമനക്കേസില്‍ ഉള്‍പ്പെട്ട് രാജിവച്ചതാണ്. അന്ന് സിപിഎം കേന്ദ്രകമ്മറ്റി ജയരാജനം ശ്രീമതി ടീച്ചര്‍ക്കും ശക്തമായ താക്കീത് നല്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത് കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കിയതാണ്. ഇതോടൊപ്പം വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇകെ നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദിന്റെ മകന്‍, ഇ.പി. ജയരാജന്റെ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണെന്നും ഇവരെ പുറത്താക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നല്കി ജോലിക്കു കയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്നു മുല്ലപ്പള്ളി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss