|    Dec 14 Fri, 2018 11:45 pm
FLASH NEWS
Home   >  Kerala   >  

എ.കെ.ആന്റണിയെ കുറിച്ച് സംസാരിക്കാന്‍ പിണറായി യോഗ്യനല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : 25th November 2018 | Posted By: G.A.G

സര്‍വാദരണീയനും കറകളഞ്ഞ മതേതരവാദിയുമായ എ.കെ.ആന്റണിയെ കുറിച്ച് സംസാരിക്കാന്‍ വര്‍ഗീയ പ്രീണനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് യോഗ്യതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
1977ല്‍ സി.പി.എമ്മിന്റെ യുവജന നേതാവായിരുന്ന പിണറായി വിജയന്‍ കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ അര്‍.എസ്.എസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചകാര്യം ആരുംമറന്നിട്ടില്ല. ഉദ്ദുമയില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായ കെ.ജി.മാരാരെ വിജയിപ്പിക്കാന്‍ പ്രത്യുപകാരമായി കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന സി.പി.എം നേതാക്കന്‍മാര്‍ ഉദ്ദുമയില്‍ ക്യാമ്പ് ചെയ്ത് പ്രവൃത്തിച്ചത് ചരിത്രമാണ്. ജനസംഘത്തിന്റെ സഹായം ആവോളം ലഭിച്ചിട്ടും നേരിയ വോട്ടുകള്‍ക്കാണ് പിണറായി കൂത്തുപറമ്പില്‍ നിന്നും കടന്ന് കയറിയത്.
മതേതരത്വത്തിന്റെ ഉജ്വല വക്താവായ എ.കെ.ആന്റണിയെ അടിസ്ഥാനരഹിതമായി അധിക്ഷേപിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യമാണ്. കേരളത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയും വളര്‍ത്താന്‍ അച്ചാരം വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.എന്നും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലായിരുന്ന പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ബി.ജെ.പിയും മുഖ്യമന്ത്രിയും തികഞ്ഞ സൗഹൃദത്തിലാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചത് കേരളം ഇനിയും മറന്നിട്ടില്ല. സന്ദര്‍ശനശേഷം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ചത് നാം കണ്ടതാണ്. സമീപകാലത്ത് തലശ്ശേരിയിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയും പരസ്പരം മുക്തകണ്ഠം പ്രശംസിച്ചത് വിസ്മരിക്കാനാവില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും പരസ്പരം പുകഴ്ത്തുന്നതും പുറം ചൊറിയുന്നതും കേരള ജനതകണ്ടുവെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
എ.കെ.ആന്റണിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. വെള്ളം ചേര്‍ക്കാത്ത ഉറച്ചനിലപാടുകളുടെ ശക്തനായ വക്താവാണ് ആന്റണി. കേരളീയ പൊതുസമൂഹത്തിന് ഇത് നന്നായിട്ടറിയാം. എന്നാല്‍ അന്ധമായ കോണ്‍ഗ്രസ് വിരോധത്താലും ബി.ജെ.പി ഭക്തിയാലും ഇക്കാര്യം തിരിച്ചറിയാന്‍ സാധിക്കാതെ പോയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss