മൂന്നാര്‍ ഇഫക്റ്റ് വയനാട്ടിലും; ആലസ്യംവിട്ട് തൊഴിലാളി സംഘടനകള്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തോട്ടംതൊഴിലാളികളുള്ള രണ്ടാമത്തെ ജില്ലയായ വയനാട്ടില്‍ മൂന്നാര്‍ ഇഫക്റ്റ് പ്രകടമായിത്തുടങ്ങി. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തി വിജയിച്ച പ്രക്ഷോഭം ജില്ലയില്‍ എസ്റ്റേറ്റ് മേഖലയില്‍ ആലസ്യംവിട്ടു പ്രവര്‍ത്തിക്കാന്‍ ട്രേഡ് യൂനിയനുകളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.   തൊഴിലാളികള്‍ സ്വന്തംനിലയ്ക്കു സംഘടിക്കാനും സമരത്തിനിറങ്ങാനുമുള്ള പഴുതുകള്‍ അടയ്ക്കുന്ന തിരക്കിലാണു യൂനിയനുകളും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും. എന്നാല്‍, തുടക്കത്തില്‍ തന്നെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേതൃത്വംനല്‍കുന്ന തൊഴിലാളി സംഘടനകളില്‍ അനൈക്യം രൂക്ഷമായിരിക്കുകയാണ്. പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി), വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു), വയനാട് തോട്ടംതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി), എസ്റ്റേറ്റ് മസ്ദൂര്‍ സംഘ് (ബി.എം.എസ്), എസ്റ്റേറ്റ് മസ്ദൂര്‍ യൂനിയന്‍ (എച്ച്.എം.എസ്), സ്വതന്ത്ര തോട്ടംതൊഴിലാളി യൂനിയന്‍ (എസ്.ടി.യു) എന്നിവ ഉള്‍പ്പെട്ട ട്രേഡ് യൂനിയന്‍ കൂട്ടുകെട്ടാണു പൊളിഞ്ഞത്. എച്ച്.എം.എല്‍. തേയിലത്തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) തനിച്ച് 28ന് ചൂണ്ടേലില്‍ ദേശീയപാത 212 ഉപരോധിക്കാന്‍ തീരുമാനിച്ചതോടെയാണ് ട്രേഡ് യൂനിയന്‍ ഐക്യത്തകര്‍ച്ച മറനീക്കിയത്. ഒറ്റയ്ക്കു സമരം ചെയ്യാനുള്ള വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ തീരുമാനം ജില്ലയില്‍ എ.ഐ.ടി.യു.സിയെയും അതിനു ചുക്കാന്‍ പിടിക്കുന്ന സി.പി.ഐയെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. കൂലി പുതുക്കി നിശ്ചയിക്കുക, 20 ശതമാനം ബോണസ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. അന്ന് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ പണിമുടക്കി ദേശീയപാത ഉപരോധിക്കുമെന്നാണ് യൂനിയന്‍ നേതാക്കളുടെ അറിയിപ്പ്. എച്ച്.എം.എല്‍, പോഡാര്‍, എ.വി.ടി, കോളേരി, വാര്യാട്, ആയിഷ, പാരിസണ്‍സ് എന്നിങ്ങനെ നീളുന്നതാണ് ജില്ലയിലെ  വന്‍കിട തോട്ടങ്ങളുടെ നിര. പതിനയ്യായിരത്തിനു മുകളിലാണ് തൊഴിലാളികളുടെ എണ്ണം. ഇതില്‍ 11,000വും വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലാണ്.
Next Story

RELATED STORIES

Share it