|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Dont Miss   >  

കളനാശിനികള്‍ കാന്‍സറിന് കാരണമാവുന്നു; മോണ്‍സാന്റോ 289 ദശലക്ഷം ഡോളര്‍ പിഴയടക്കണം

Published : 13th August 2018 | Posted By: mtp rafeek

വാഷിങ്ടണ്‍: ബഹുരാഷ്ട്ര കുത്തക കമ്പനിയായ മോണ്‍സാന്റോയുടെ കളനാശിനികള്‍ കാന്‍സറിന് കാരണമാവുന്നുവെന്ന ആരോപണം ശരിവച്ച് കോടതി. മോണ്‍സാന്റോയുടെ റൗണ്ട്അപ് എന്ന കളനാശിനി ഉപയോഗിച്ചതിന്റെ പേരില്‍ കാന്‍സര്‍ ബാധിച്ചുവെന്നാരോപിച്ച് നല്‍കിയ ഹരജിയില്‍ കമ്പനി 289 ദശലക്ഷം ഡോളര്‍ പിഴയടക്കണമെന്ന്്് കാലഫോണിയ കോടതി ഉത്തരവിട്ടു.

ഗ്ലൈഫോസ്‌ഫേറ്റ് അടങ്ങിയ കളനാശിനി ഉപയോഗിച്ചത് കാരണമാണ് തനിക്ക് കാന്‍സര്‍ ബാധിച്ചതെന്നാരോപിച്ച് ഒരു സ്‌കൂളിലെ തോട്ടം സൂക്ഷിപ്പുകാരനായ ഡെവൈനെ ജോണ്‍സണ്‍ ആണ് പരാതി നല്‍കിയത്. ജര്‍മന്‍ കമ്പനിയായ ബേയര്‍ എജിയുടെ കീഴിലുള്ള മോണ്‍സാന്റോ നേരിടുന്ന സമാനമായ 5000ഓളം കേസുകളില്‍ ആദ്യത്തേതാണ് ജോണ്‍സന്റേത്.

തങ്ങളുടെ കളനാശിനികള്‍ കാന്‍സറിന് കാരണമായേക്കാമെന്ന മുന്നറിയിപ്പ് നല്‍കുന്നതില്‍ മോണ്‍സാന്റോ പിഴവ് വരുത്തിയെന്ന് കാലഫോണിയയിലെ സാന്‍ഫ്രാന്‍സികോ സൂപീരിയര്‍ കോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. 39 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 250 ദശലക്ഷം ഡോളര്‍ ശിക്ഷാ നടപടികളുടെ ഭാഗമായും അടയ്ക്കണമെന്നാണ് കോടതി വിധി.

അതേ സമയം, വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് മോണ്‍സാന്റോ അറിയിച്ചു. ഗ്ലൈഫോസ്‌ഫേറ്റ് കാന്‍സര്‍ ഉണ്ടാക്കില്ലെന്ന് 800ഓളം ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞതാണെന്നും കമ്പനി അവകാശപ്പെട്ടു. ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കളനാശിനിയാണ് ഗ്ലൈഫോസ്‌ഫേറ്റെന്നും കമ്പനി വ്യക്തമാക്കി.

ലിംഫ് സംവിധാനത്തെ തകരാറിലാക്കുന്ന പ്രത്യേക തരം കാന്‍സര്‍ ബാധിച്ച ജോണ്‍സണ്‍ 2016ലാണ് കേസ് ഫയല്‍ ചെയ്തത്. രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് അതിവേഗത്തിലാണ് കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

മോണ്‍സാന്റോയുടെ ഗ്ലൈഫോസ്‌ഫേറ്റ് കളനാശിനികളായ റൗണ്ട്അപ്, റേഞ്ചര്‍ പ്രോ എന്നിവയാണ് തന്റെ കാന്‍സറിന് കാരണമായതെന്ന് ജോണ്‍സണ്‍ ആരോപിക്കുന്നു. ഒരു വര്‍ഷത്തില്‍ 30 തവണയാണ് 46കാരനായ ജോണ്‍സണ്‍ ഈ കളനാശിനി തോട്ടത്തില്‍ പ്രയോഗിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss