Flash News

മീ ടൂ: കേന്ദ്രമന്ത്രി എം ജെ അക്ബര്‍ പുറത്തേക്ക്

മീ ടൂ: കേന്ദ്രമന്ത്രി എം ജെ അക്ബര്‍ പുറത്തേക്ക്
X
ന്യൂഡല്‍ഹി: 'മീ ടൂ' കാംപയിനില്‍ കുടുങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം ജെ അക്ബറിനെതിരേ ബിജെപിയില്‍ അതൃപ്തി. ഇന്ത്യ-വെസ്റ്റ് ആഫ്രിക്ക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇപ്പോള്‍ നൈജീരിയയിലുള്ള എം ജെ അക്ബറിനോട് പരിപാടി വെട്ടിചുരുക്കി തിരിച്ചെത്താന്‍ ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മീ ടുവിമായി എം ജെ അക്ബറിനെതിരേ 7 പേരാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.



നാളെ വൈകുന്നേരം മന്ത്രി ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ വിശദീകരണം അറിഞ്ഞ ശേഷം നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എം ജെ അക്ബര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോണ്‍ഗ്രസ് വക്താവ് എസ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. വിഷയത്തില്‍ മന്ത്രിസഭയിലെ വനിതാ അംഗങ്ങളിലൊരാളായ നിര്‍മലാ സീതാരാമനോട് പ്രതികരണം ആരാഞ്ഞെങ്കിലും മീ ടൂ കാംപയിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ അവര്‍ അക്ബറിന്റെ വിഷയത്തില്‍ മൗനം പാലിച്ചു.
നേരത്തേ എം ജെ അക്ബര്‍ എഡിറ്ററായിരുന്ന ഏഷ്യന്‍ ഏജ്, ടെലഗ്രാഫ് പത്രങ്ങളില്‍ ജോലി ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരാണ് പുതുതായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മയാണ് ആരോപണമുന്നയിച്ചവരില്‍ ഒരാള്‍. താന്‍ ഓഫിസിലിരുന്ന് പേജ് ഡിസൈന്‍ ചെയ്യുന്നതിനിടെ അക്ബര്‍ തന്റെ പിന്നിലൂടെ വന്ന് ബ്രായുടെ സ്ട്രിപ്പ് പിടിച്ചുവലിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് സുപര്‍ണയുടെ ട്വീറ്റ്. ജോലിക്കായുള്ള അഭിമുഖത്തിന് അക്ബര്‍ വിളിച്ചത് ഹോട്ടല്‍മുറിയിലേക്കാണെന്നും ബെഡ്ഡില്‍ ഇരുന്നാണ് അഭിമുഖം നടത്തിയതെന്നും ശുമ റാഹ പറഞ്ഞു. കൂടെ മദ്യപിക്കാനും അക്ബര്‍ ക്ഷണിച്ചു. ഇതോടെ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നെന്നും റാഹ വെളിപ്പെടുത്തി. ഓഫിസില്‍ തുടര്‍ച്ചയായി ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ അക്ബര്‍ നടത്തിയെന്ന് പാരണ സിങ് ബിന്ദ്രയും വെളിപ്പെടുത്തി. വ്യക്തിപരമായ പല പ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കെയാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതെന്നതിനാല്‍ എല്ലാം സഹിച്ചുനിന്നുവെന്ന് അവര്‍ പറഞ്ഞു. മറ്റൊരു മാധ്യമപ്രവര്‍ത്തകയും ഹോട്ടലിലേക്ക് അഭിമുഖത്തിന് എത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. അക്ബറില്‍ നിന്നു മോശം അനുഭവമുണ്ടായെന്ന് ശുതാപ പോള്‍ എന്ന മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയെങ്കിലും അവര്‍ കൂടുതല്‍ വിശദീകരിച്ചില്ല. എല്ലാവരും അക്ബറിന് കീഴില്‍ ജോലി ചെയ്തവരാണ്. ടെലഗ്രാഫില്‍ ജോലിക്കായുള്ള അഭിമുഖത്തിനിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ചു വിശദീകരിച്ച് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് അക്ബറിനെതിരേ കഴിഞ്ഞദിവസം ആരോപണങ്ങള്‍ക്കു തുടക്കമിട്ടത്.
Next Story

RELATED STORIES

Share it