|    Sep 20 Thu, 2018 10:48 pm
FLASH NEWS
Home   >  Kerala   >  

ജര്‍മനി യാത്ര : മന്ത്രി രാജുവിന്റെ നിലപാട് തള്ളി സിപിഐ

Published : 21st August 2018 | Posted By: G.A.G

തിരുവനന്തപുരം: കേരളം പ്രളയദുരിതത്തില്‍ ഉഴലുമ്പോള്‍ ജര്‍മനിയിലേക്ക് പോയ സംഭവത്തില്‍ മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ തള്ളി. സംഭവിച്ചത് തെറ്റുതന്നെയാണെന്നും കൂടുതല്‍ ന്യായീകരിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചതായാണ് സൂചന. വിദേശ യാത്ര നടത്തിയതില്‍ തെറ്റില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞു.
സംഭവിച്ചതു തെറ്റുതന്നെയാണെന്ന് പാര്‍ട്ടി നേതൃത്വം കെ രാജുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മന്ത്രി വിദേശത്തേക്ക് പോവരുതായിരുന്നു എന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നേതൃത്വം മന്ത്രിയെ തിരിച്ചുവിളിച്ചത്. ഇത്രയും സംഭവങ്ങള്‍ക്കു ശേഷവും കാര്യങ്ങളെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രിക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്. മന്ത്രി നടത്തിയ വിദേശയാത്ര ചട്ടങ്ങള്‍ ശരിയായി പാലിക്കാതെയായിരുന്നെന്നും ആക്ഷേപമുണ്ട്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും രാജു പാലിച്ചില്ല. സാധാരണ ഒരു മന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറുന്ന കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ് ചുമതല കൈമാറേണ്ടത്. എന്നാല്‍ കെ രാജുവിന്റെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങളൊന്നുമുണ്ടായില്ല. നേരിട്ട് മറ്റൊരു മന്ത്രിക്ക് ചുമതല കൈമാറാന്‍ കഴിയില്ല. യാത്രതിരിക്കുന്ന ദിവസമാണ് തന്റെ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതായി മന്ത്രി പി തിലോത്തമന് ലെറ്റര്‍പാഡില്‍ എഴുതി അറിയിച്ചത്. ഇതു ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss