|    Dec 18 Tue, 2018 1:15 am
FLASH NEWS
Home   >  Kerala   >  

‘വിധി എതിരായത് അയ്യപ്പന്റെ ശക്തികൊണ്ട്’; അയ്യപ്പനോട് കളിച്ചവര്‍ വിവരം അറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി

Published : 29th November 2018 | Posted By: afsal ph

തിരുവനന്തപുരം: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ നിശ്ശിതമായി പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനെ പ്രയാര്‍ ഒരു സാധാരണ ദൈവമായി കണ്ടതാണ് പ്രശ്‌നം. വിധി എതിരായത് അയ്യപ്പന്റെ ശക്തികൊണ്ടാണെന്നാണ് താന്‍ കരുതുന്നത് . അയ്യപ്പനോടാണ് ഇപ്പോള്‍ കളി. അയ്യപ്പനോട് കളിച്ചവര്‍ ഓരോരുത്തരായി വിവരം അറിഞ്ഞുകൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിധി അനുകൂലമാക്കാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയ്ത പണി എന്തൊക്കെയായിരുന്നു? ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിലും ഒരു വെള്ളിയാഴ്ച ദിവസം അദ്ദേഹം സ്‌പെഷ്യല്‍ പൂജ നടത്തി. ബോര്‍ഡില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചായിരുന്നു ജഡ്ജിമാരുടെ മനസ് മാറ്റാന്‍ അദ്ദേഹം പൂജ നടത്തിയത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും രേഖയുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലുള്ള ജഡ്ജിയമ്മന്‍ ക്ഷേത്രത്തിലും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പൂജ നടത്തി. വിധിയിലൊക്കെ മാറ്റം വരുത്താന്‍ അവിടത്തെ പൂജയ്ക്ക് ശക്തിയുണ്ടെന്നാണ് പറയുന്നത്. അടുത്ത കാലത്ത് വിവാദ സിനിമാതാരം അവിടെ പോയി പൂജ നടത്തിയിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു പകല്‍ മുഴുവന്‍ അവിടെ പോയിരുന്ന് ജഡ്ജിമാരുടെ മനസ് മാറ്റാന്‍ ഉപവാസ യജ്ഞം നടത്തി. നാമജപം തുടങ്ങിയതും ഈ മാന്യന്‍ തന്നെയാണെന്നും മന്ത്രിയുടെ പരിഹാസം. കഴിഞ്ഞ ഉത്സവകാലത്ത് പമ്പയില്‍ അവലോകനയോഗം നടത്താന്‍ താനും മുഖ്യമന്ത്രിയും എത്തിയപ്പോള്‍ നടപ്പന്തലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭജനമിരിക്കുകയാണ് എന്നുകേട്ടു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ മനസ് മാറ്റാന്‍ വേണ്ടിയിട്ടാണ് എന്നാണ് അറിഞ്ഞത്. പക്ഷേ ഹിന്ദു പുരാണങ്ങളിലെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്‌പെഷ്യല്‍ പൂജ നടത്തിയിട്ടും സുപ്രീം കോടതി ജഡ്ജിമാരുടെ മനസ് മാറിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss