Flash News

സ്ത്രീകളുടെ ശബരിമല തീര്‍ഥാടനം: ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷമാക്കി നിയന്ത്രിക്കുമെന്ന് മന്ത്രി -പുനപരിശോധനാ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് സ്വാതന്ത്രമുണ്ട്

സ്ത്രീകളുടെ ശബരിമല തീര്‍ഥാടനം: ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷമാക്കി നിയന്ത്രിക്കുമെന്ന് മന്ത്രി -പുനപരിശോധനാ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് സ്വാതന്ത്രമുണ്ട്
X

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമല സന്ദര്‍ശിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമായതോടെ സ്വീകരിക്കേണ്ട ഒരുക്കങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ പ്രവേശനത്തിന് വേണ്ട സൗകര്യമൊരുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സ്ത്രീകള്‍ക്ക് വിരിവെക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നിലയ്ക്കലിലും എരുമേലി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും. എല്ലാ ക്യാംപുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ തയ്യാറാക്കും. സ്ത്രീകളുടെ ശൗചാലയങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കും. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന വഴിയിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങള്‍ തയ്യാറാക്കും.പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തര്‍ക്കായി നിലയ്ക്കലില്‍ ബേസ് ക്യാംപ് വിപുലീകരിക്കും. ആദ്യ ഘട്ടത്തില്‍ 6,000 പേര്‍ക്ക് വിരിവെക്കാനുള്ള സാകര്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത് എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കുള്ള സൗകര്യമൊരുക്കാന്‍ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു.
നിലക്കല്‍ പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളില്‍ 20 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ സീറ്റുകളില്‍ പുരുഷന്‍മാര്‍ക്ക് ഇരിക്കാനാവൂ. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കും. എന്നാല്‍ പതിനെട്ടാം പടിയില്‍ വനിതാ പോലിസിനെ നിയോഗിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഒരുക്കാനാകില്ല. കുടുംബത്തോടൊപ്പമാവും കൂടുതല്‍ സ്ത്രീകളും ശബരിമലയിലേക്കെത്തുക. അതുകൊണ്ട് അവര്‍ക്കായി പ്രത്യേക ക്യൂ പ്രായോഗികമല്ല. ചിലപ്പോള്‍ പത്തും പന്ത്രണ്ടും മണിക്കൂറൊക്കെ ക്യൂ നില്‍ക്കേണ്ടിവരും. പല അമ്പലങ്ങളിലും സ്ത്രീകള്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. അതിന് തയ്യാറുള്ളവര്‍ മാത്രം ശബരിമലയിലേക്ക് വന്നാല്‍ മതി. ഡിജിറ്റല്‍ ബുക്കിങ് സൗകര്യം സ്ത്രീകള്‍ക്കായും ഏര്‍പ്പെടുത്തും. കൂടുതല്‍ ഭക്തരെത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ഇതേപ്പറ്റി ചര്‍ച്ച നടത്തും. പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ വനഭൂമി വിട്ടുതരണം എന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. തിരക്ക് ഒഴിവാക്കാന്‍ സന്നിധാനത്തെ താമസം ഒഴിവാക്കാന്‍ തീര്‍ഥാടകരോട് ആവശ്യപ്പെടും. ദിനംപ്രതി പതിനെട്ടാം പടി ചവിട്ടി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ഒരു ലക്ഷമാക്കി നിയന്ത്രിക്കും. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് സ്വാതന്ത്രമുണ്ടെന്നും സിപിഎം നിലപാട് നടപ്പാക്കാനല്ല ദേവസ്വം ബോര്‍ഡ് എന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തുന്നതിനോട് യോജിപ്പില്ലെന്ന് പന്തളം രാജകുടുംബം ആവര്‍ത്തിച്ചു. ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങള്‍ നടപ്പിലാക്കേണ്ടത് ഹൈന്ദവസമൂഹമാണെന്ന് രാജകുടംബത്തിന്റെ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. ആചാരങ്ങളില്‍ മാറ്റംവരുത്തണമെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഹൈന്ദവ ആചാര്യന്മാരാണെന്നും സുപ്രീം കോടതിയല്ലെന്നും അദ്ദേഹം പന്തളത്ത് പറഞ്ഞു
Next Story

RELATED STORIES

Share it