|    Nov 13 Tue, 2018 3:40 am
FLASH NEWS
Home   >  News now   >  

യുഎസ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളുടെ മുന്നേറ്റം; ട്രംപിന് ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല

Published : 7th November 2018 | Posted By: mtp rafeek

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ഫലങ്ങളും പുറത്തുവന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ജനപ്രതിനിധി സഭ(ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) ഡെമോക്രാറ്റുകള്‍ തിരിച്ചു പിടിച്ചു. അതേസമയം, സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലെത്തുകയാണ്. വിര്‍ജീനിയ, ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, കോളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത് ഡെമോക്രാറ്റുകളാണ് മുന്നേറിയത്. സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ സീറ്റുകള്‍ ഡെമോക്രാറ്റുകളില്‍ നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.

രണ്ട് വര്‍ഷത്തെ ഡോണാള്‍ഡ് ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാവും ഇടക്കാല തെരഞ്ഞെടുപ്പെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. ഭരണനിയന്ത്രണമില്ലാത്ത പാര്‍ട്ടി ഇടക്കാല തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നത് അമേരിക്കയില്‍ ചരിത്രമാണ്. നന്ദി, നാളെ അമേരിക്കയ്ക്ക് ഒരു പുതിയ ദിനമായിരിക്കും-ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പറഞ്ഞു. ഇവരായിരിക്കും സഭയുടെ സ്പീക്കര്‍.

യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയില്‍ ഡമോക്രാറ്റുകള്‍ക്കുണ്ടായ മുന്നേറ്റം ട്രംപിന്റെ പല പദ്ധതികള്‍ക്കും വിലങ്ങു തടിയാവും. ട്രംപ് ഭരണകൂടത്തെക്കുറിച്ചും വ്യാപാര കാര്യങ്ങള്‍, നികുതി റിട്ടേണ്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഇനി ഡമോക്രാറ്റുകള്‍ക്ക്ു സാധിക്കും. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ പല വിവാദ പദ്ധതികളും ഇതോടെ തടയപ്പെടും.

തിരഞ്ഞെടുപ്പില്‍ വനിതകള്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ചു. ഇല്‍ഹാന്‍ ഒല്‍മര്‍, റാഷിദ് എന്നിവര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ എത്തുന്ന ആദ്യ മുസ്്‌ലിം വനിതകളായി. കോണ്‍ഗ്രസിലെ ആദ്യ അമേരിക്കന്‍ ഇന്ത്യന്‍ വനിതകളായി ഷാരീസ് ഡേവിഡ്‌സ്, ദെബ്ര ഹാലാന്റ് എന്നിവര്‍ ചരിത്രം കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss