|    Oct 17 Wed, 2018 6:31 am
FLASH NEWS
Home   >  News now   >  

മൂന്നു ജില്ലകളില്‍ പീഡനകേന്ദ്രങ്ങള്‍- മനോജ് ഗുരുജിയായതിങ്ങനെ :

Published : 28th September 2017 | Posted By: G.A.G

ആലപ്പുഴ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാരനായ കെ ആര്‍ മനോജ് എന്ന മനോജ് ഗുരുജിയുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത മറനീക്കുന്നു. ഒരു സ്വകാര്യ വെബ്‌പോര്‍ട്ടലാണ് ഇയാളുടെ ദുരൂഹതകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 1999 ജൂണില്‍ ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപില്‍ മനീഷ സാംസ്‌കാരികവേദി എന്ന സംഘടനയിലൂടെ രംഗത്തുവന്ന കെ ആര്‍ മനോജ് തീവ്ര ഹിന്ദുത്വശക്തികളുടെ സഹായത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുരുജിയായി മാറുകയായിരുന്നു. സാമ്പത്തികമായും സംഘടനാപരമായും തീവ്ര ഹിന്ദുത്വശക്തികള്‍ നല്‍കിയ സഹായം പ്രയോജനപ്പെടുത്തിയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യോഗാകേന്ദ്രങ്ങളെന്ന പേരില്‍ പീഡനകേന്ദ്രങ്ങള്‍ തുടങ്ങിയത്. അന്യമതഗ്രന്ഥങ്ങളിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സഹപ്രവര്‍ത്തകരുടെ മനസ്സില്‍ വിഷം കുത്തിവച്ചാണ് ഇയാള്‍ ദിവ്യനായി സ്വയം പ്രഖ്യാപിച്ചത്. പിന്നീട് ശിഷ്യരെ ഉപയോഗിച്ച് സ്വന്തം ദിവ്യത്വം പ്രചരിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, പൂച്ചക്കല്‍, പാണാവള്ളി, അരൂക്കുറ്റി, കോട്ടയം ജില്ലയിലെ വൈക്കം, എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ യോഗാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മതംമാറുന്നവരും മിശ്രവിവാഹിതരുമായ ഹിന്ദു പെണ്‍കുട്ടികളെ ഘര്‍വാപസി നടത്തുകയായിരുന്നു യോഗാകേന്ദ്രങ്ങളുടെ ഹിഡന്‍ അജണ്ട. ഏതാനും വര്‍ഷം മുമ്പ് പുതിയകാവില്‍ ആര്‍ഷവിദ്യാ സമാജം സ്ഥാപിച്ചതോടെ മനോജിന്റെ സാമ്രാജ്യം കൂടുതല്‍ വിപുലമായി. തീവ്ര ഹിന്ദുത്വശക്തികള്‍ സാമ്പത്തികമായി കൈയയച്ചു സഹായിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ സ്വയം ഗുരുജിയായി പ്രഖ്യാപിക്കുകയും അന്തേവാസികളോട് കൂടുതല്‍ ക്രൂരമായി പെരുമാറുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ കണ്ണൂര്‍ സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ പുതിയകാവിലെ കേന്ദ്രത്തില്‍ നിന്നു ചാടിരക്ഷപ്പെട്ടതോടെയാണ് ഇയാളുടെ തനിനിറം വെളിപ്പെട്ടു തുടങ്ങിയത്. ഇതോടെയാണ് തൃപ്പൂണിത്തുറയിലേക്ക് ശിവശക്തി യോഗാകേന്ദ്രമെന്ന പേരില്‍ ആസ്ഥാനം മാറ്റിയത്. 65 പെണ്‍കുട്ടികളെ തടവിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ഇവിടെ നിന്നു രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടര്‍ ശ്വേത വെളിപ്പെടുത്തിയതോടെയാണ് യോഗാ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി പീഡനകേന്ദ്രത്തെക്കുറിച്ച് പുറംലോകം കൂടുതല്‍ അറിഞ്ഞത്. മനോജിനെ കൂടാതെ പ്രധാന ശിഷ്യന്മാരില്‍ പലരും തട്ടിപ്പുവീരന്മാരാണ്. മനോജിന്റെ ശിഷ്യരില്‍ പ്രധാനിയായ രാമചന്ദ്രനെന്നയാളെ വിധവയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച് 31 ലക്ഷം തട്ടിയതിനെ തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലിസ് പിടികൂടിയിരുന്നു. മനോജിന്റെ പീഡനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പെരുമ്പളത്തെ പ്രദേശവാസികളില്‍ അഭിപ്രായവ്യത്യാസവും എതിര്‍പ്പും ശക്തമായതോടെയാണ് പ്രവര്‍ത്തനം മറ്റിടങ്ങളിലേക്കു മാറ്റിയത്. പെണ്‍കുട്ടികളെ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാന്‍ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്ന ഇയാള്‍ക്കെതിരേ യോഗാകേന്ദ്രത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന ആരോപണവുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss