|    Apr 20 Fri, 2018 11:54 pm
FLASH NEWS
Home   >  Arts & Literature  >  Art  >  

മാഞ്ഞുപോവാതെ മഞ്ഞിലാസ്

Published : 17th January 2016 | Posted By: TK
manjilas

 


കാമ്പുള്ള സാഹിത്യകൃതികള്‍ക്ക് ചലച്ചിത്രരൂപം നല്‍കിക്കൊണ്ട് മലയാളസിനിമയെ കലാപരമായി ഉന്നതിയിലെത്തിച്ച സിനിമാനിര്‍മാതാവായിരുന്നു ജനുവരി 8ന് അന്തരിച്ച മഞ്ഞിലാസ് ജോസഫ്


 

പിഎഎം ഹനീഫ്
ലയാളസിനിമാ ചരിത്രത്തില്‍ മഞ്ഞിലാസിന്റെ എം ഒ ജോസഫിനെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? സാമൂഹികപ്രതിബദ്ധതയും പരീക്ഷണൗത്സുക്യവും സൗന്ദര്യാവബോധവുമുള്ള കുറേ ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയ്ക്കായിരിക്കാം. തറവാടിത്തമുള്ള ഒരു പ്രൊഡ്യൂസര്‍. അത് മനസ്സിലാക്കാന്‍ അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളുടെ പേരുകള്‍ ഓര്‍ത്താല്‍ മാത്രം മതി- വാഴ്‌വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം, കടല്‍പ്പാലം, ചട്ടക്കാരി, ദേവി, പുനര്‍ജന്മം. കാമ്പുള്ള സാഹിത്യകൃതികള്‍ക്ക് ചലച്ചിത്രരൂപം നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇപ്പറഞ്ഞ മിക്ക ചിത്രങ്ങളും നോവലോ നാടകമോ ഒക്കെയായിരുന്നല്ലോ.
മദ്രാസിലേക്കു ജോസഫ് വണ്ടി കയറിയത് സത്യനേശനെന്ന സത്യനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു. നായരുപിടിച്ച പുലിവാല്‍ തൊട്ടേ ജോസഫിന്റെ മനസ്സില്‍ സത്യന്‍ എന്ന പേര് വേരുപിടിച്ചതാണ്. മിസ് കുമാരി വകയിലൊരു ബന്ധുവായിരുന്നു. കുഞ്ചാക്കോയുടെ ബിസിനസ് പങ്കാളി കെ വി കോശി അമ്മ വഴിയും ബന്ധു. അപ്പന് ഷേണായീസ് തിയേറ്റര്‍ മാനേജര്‍ എന്ന നിലയ്ക്കുണ്ടായിരുന്ന ബന്ധം ഉപയോഗിച്ച് പഠനകാലത്തുതന്നെ ജോസഫ് ചലച്ചിത്രവേദിയിലെ പല പ്രതിഭകളുമായി യൗവനത്തില്‍ തന്നെ അടുപ്പം പുലര്‍ത്തിയിരുന്നു.
sathyan

 

ജനുവരി 8ന് അന്തരിച്ച മഞ്ഞിലാസ് ജോസഫിന്റെ സിനിമാബന്ധം പറഞ്ഞുതുടങ്ങിയാല്‍ ഇതൊക്കെ മാത്രമേയുള്ളൂ. പരേതനായ മുസ്‌ലിംലീഗ് നേതാവ് കൊരമ്പയില്‍ അഹ്മദ് ഹാജിക്കുമുണ്ട് മഞ്ഞിലാസ് എം ഒ ജോസഫിനെ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിച്ചതില്‍ നേരിയൊരു പങ്ക്. യേശുദാസിനും കൊരമ്പയിലിനുമുണ്ടായിരുന്ന സൗഹൃദബന്ധമാണ് ജോസഫിന് സിനിമയിലേക്കു പാലമായത്. 1967ല്‍ ചിദംബരം ചെട്ടിയാരും മറ്റുമായി ചേര്‍ന്ന് നവയുഗ പിക്‌ചേഴ്‌സ് ആരംഭിച്ച കാലത്തുതന്നെ പ്രേംനസീര്‍ വഴി ജോസഫ് കൊരമ്പയില്‍ അഹ്മദ് ഹാജിയെ പരിചയപ്പെട്ടിരുന്നു. മലയാറ്റൂരിനെ യഥാര്‍ഥത്തില്‍ പിടികൂടിയത് കൊരമ്പയില്‍ വഴിയായിരുന്നു.
യക്ഷി ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍ നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനില്‍ നിന്ന് ശക്തമായ ഉടക്ക്. കാരണം, അക്കാലത്ത് നോവലുകള്‍ ചലച്ചിത്രമാക്കിയതൊന്നും ക്ലച്ച് പിടിച്ചിരുന്നില്ല. മലയാറ്റൂര്‍ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ മുസ്‌ലിംലീഗിന്റെയും കൊരമ്പയിലിന്റെയുമൊക്കെ ശ്രദ്ധയില്‍ മിന്നുന്ന കാലമായിരുന്നു അത്. യക്ഷിക്ക് സമ്മതം മൂളുമ്പോള്‍ മലയാറ്റൂര്‍ ഒരു നിര്‍ദേശം വച്ചു. കുട്ടന്‍ പാട്ടെഴുതും, ഭാസി ആശാന്‍ തിരക്കഥയും. (കുട്ടന്‍ വയലാര്‍, ഭാസി സാക്ഷാല്‍ തോപ്പില്‍ ഭാസി.)
സത്യനും ശാരദയുമൊക്കെ മല്‍സരിച്ചഭിനയിച്ചു എന്നൊക്കെ പറയാവുന്ന              യക്ഷി തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു. വയലാര്‍-ദേവരാജന്‍ ടീമിന്റെ പാട്ടുകള്‍ സിനിമയെക്കാളുപരി മഞ്ഞിലാസിന് സിനിമയില്‍ വേരു നല്‍കി. നാടന്‍ പെണ്ണ്, തോക്കുകള്‍ കഥപറയുന്നു തുടങ്ങിയ ചിത്രങ്ങളും പാട്ടുകളുടെ മേന്മയിലാണ് കേള്‍വികൊണ്ടത്.

 

വ്യത്യസ്തനായ നിര്‍മാതാവ്
37 വര്‍ഷം മലയാള സിനിമയില്‍ യഥാര്‍ഥ ജേതാവായി നില്‍ക്കാന്‍ എം ഒ ജോസഫിനു സാധിച്ചത് അദ്ദേഹത്തിന്റെ ബിസിനസ് കണിശതകള്‍ കൊണ്ടുമാത്രമായിരുന്നു. കോടമ്പാക്കം മാത്രം ശരണമാക്കി മലയാള സിനിമ മൂളിയും ഞരങ്ങിയും ഓടുമ്പോള്‍ തമിഴ് ‘പലിശക്കമ്പനി’കളെ ആശ്രയിച്ചു മാത്രമേ മൂലധനസമാഹാരണം അക്കാലത്ത് സാധിച്ചിരുന്നുള്ളൂ. ഗള്‍ഫ്, ഓവര്‍സീസ് കലക്ഷന്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് അപ്രാപ്യം. ബോംബെയില്‍ പോലും മലയാളസിനിമയ്ക്ക് തിയേറ്റര്‍ ലഭിക്കാത്ത കാലം. ജോസഫ്           നവയുഗ പിക്‌ചേഴ്‌സ് കാലത്തു തന്നെ പലിശക്കാരുടെ തീവെട്ടിക്കൊള്ളയില്‍ പ്രതിഷേധിച്ചു.

നവയുഗ പിക്‌ചേഴ്‌സ് അറ്റുവീഴാനും മഞ്ഞിലാസ് ആരംഭിക്കാനും കാരണം തന്നെ സിനിമയുടെ സാമ്പത്തികസമാഹാരണം കേരളത്തില്‍ നിന്നു തുടങ്ങാനായിരുന്നു. 14 എ ക്ലാസ് തിയേറ്ററുകളുള്ള കാലം. ശരാശരി ഒരു സിനിമയ്ക്ക് 10 ലക്ഷത്തിനടുത്താണ് നിര്‍മാണച്ചെലവ്. വന്‍ തുക സത്യനു മാത്രം- 10,000ക. പ്രേംനസീറിനെ പോലുള്ളവര്‍ കടമായും അഭിനയിക്കുന്ന ഔദാര്യനാളുകള്‍.
മഞ്ഞിലാസിന്റെ പ്രത്യേകതകള്‍ എന്തായിരുന്നു? കലക്ഷന്‍ കൃത്യമായാല്‍ എല്ലാവര്‍ക്കും പ്രതിഫലം കൃത്യം. ചെക്കിടപാടുകള്‍ സത്യസന്ധം. മറ്റുള്ള നിര്‍മാതാക്കളില്‍ നിന്ന് ജോസഫിനെ വ്യത്യസ്തനാക്കിയതും ഈ വിശ്വസ്തത തന്നെ. തിയേറ്റര്‍ ഉടമകളുടെയും വിതരണക്കമ്പനികളുടെയും വിശ്വസ്തന്‍ എന്ന പേര് മഞ്ഞിലാസ് ജോസഫിനു തുണയായി.
സത്യന്‍ ഇല്ലാത്ത മഞ്ഞിലാസ് സിനിമ എന്നത് ജോസഫിനു ചിന്തിക്കാനേ ആവില്ലായിരുന്നു. ഇന്നത്തെ പ്രശസ്ത തിരക്കഥാകാരന്‍ ശ്രീനിവാസന്‍ മഞ്ഞിലാസ് കളരിയില്‍ കുറച്ചുകാലം പയറ്റിയിട്ടുണ്ട്. സിനിമയിലായാലും നാടകത്തിലായാലും കഥാപാത്രങ്ങളുടെ കാസ്റ്റിങ് മുഖ്യഘടകമാണല്ലോ. സംവിധായകനും തിരക്കഥാകൃത്തിനും ചിന്തിക്കാന്‍ ഇടംകിട്ടും മുമ്പേ ജോസഫ് കൃത്യമായി കാസ്റ്റിങ് നിര്‍വഹിച്ചിരിക്കും. കെ ടി മുഹമ്മദിന്റെ കടല്‍പ്പാലം സിനിമയാക്കുമ്പോള്‍ അച്ഛന്‍ കൈമള്‍ വക്കീലിന്റെയും മകന്‍ പ്രഭാകരന്റെയും ഇരട്ട വേഷം സത്യന്‍ ചെയ്യട്ടെ എന്ന തീരുമാനം ജോസഫിന്റേതായിരുന്നുവെന്ന് കെ ടി പറഞ്ഞതോര്‍ക്കുന്നു. അക്കാലം കെപിഎസി നാടക ട്രൂപ്പില്‍ സ്ഥിരമായിരുന്ന അടൂര്‍ ഭവാനിയെ കടല്‍പ്പാലത്തിലെ ഉമ്മ റോളിലേക്കുമെടുത്തു.
ഇടപെടാത്ത പ്രൊഡ്യൂസര്‍
പാട്ടെഴുത്തിലും റിക്കാഡിങിലും തുടക്കം തൊട്ടേ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവും. പക്ഷേ, ഇടപെടല്‍ എന്ന ഇന്നത്തെ സിനിമാരീതികള്‍ ജോസഫില്‍ നിന്നുണ്ടായിരുന്നില്ല. സിനിമയുടെ വിവിധ ഇടങ്ങളില്‍ പ്രതിഭ തെളിയിക്കും എന്ന് മുന്‍കൂട്ടി ധരിച്ച് ചുമതല നല്‍കുക എന്നതും ജോസഫിന്റെ പ്രത്യേകതയായി പഴയ ചലച്ചിത്രപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
മോഹനും ലക്ഷ്മിയും അഭിനയിച്ച ചട്ടക്കാരി ചിത്രീകരിക്കാന്‍ റെയില്‍വേ അധികൃതരുടെ ചില ദുശ്ശാഠ്യങ്ങള്‍ മറികടന്ന് ദില്ലിയില്‍ റെയില്‍വേ മന്ത്രാലയം വരെ പോയതും സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ സംഭവത്തില്‍ ഇടപെട്ടതും അക്കാലത്തു വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ കേശവന്‍ സാമ്പത്തികമായി വന്‍വിജയം നേടിയില്ലെങ്കിലും എം എസ് നമ്പൂതിരി അടക്കം പലേ പഴയകാല നാടകനടന്മാരെ വരെ അവര്‍ അര്‍ഹിക്കുന്നതിലുമധികം പ്രതിഫലം നല്‍കി ജോസഫ് സഹകരിപ്പിച്ചു.
രണ്ടായിരാമാണ്ടോടെ ചലച്ചിത്ര നിര്‍മാണത്തില്‍ നേരിട്ട് ഇടപെടാതെ ജോസഫ് സ്‌ക്രീനിനു പുറകില്‍ ചില നല്ല സിനിമാ സംരംഭങ്ങളെ പിന്തുണച്ചു. അടുത്തകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ഉദയനാണു താരം സിനിമയ്ക്കും മറ്റും ചില അണിയറക്കഥകള്‍ പങ്കുവയ്ക്കുന്നതില്‍ മഞ്ഞിലാസ് ജോസഫ് പങ്കുവഹിച്ചു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ കറുപ്പും വെളുപ്പും കാലത്ത് കോടമ്പാക്കം ചന്തയില്‍ ഭാഗ്യം തേടിയെത്തിയ സിനിമാമോഹികള്‍ക്കും നല്ല ചില സംരംഭങ്ങള്‍ക്കും യഥാര്‍ഥ അത്താണിയായിരുന്ന നല്ലൊരു സഹൃദയനാണ് കൂടുവിട്ടു പറന്നത്. പുതുയുഗത്തില്‍ ആ കറുപ്പും വെളുപ്പും സിനിമകള്‍ ജനഹൃദയങ്ങളില്‍ നിന്നു മാഞ്ഞാലും ‘സ്വര്‍ണച്ചാമരം വീശി എത്തും…’ തുടങ്ങിയ ശ്രവണസുന്ദര ഗാനങ്ങളിലൂടെയെങ്കിലും മഞ്ഞിലാസും ജോസഫും സ്മരിക്കപ്പെടും.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss