|    Nov 19 Mon, 2018 3:04 am
FLASH NEWS
Home   >  Kerala   >  

‘ഹിന്ദുത്വരാഷ്ട്രീയം മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നു’; മാതൃഭൂമി എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് രാജി വയ്ക്കുന്നതായി മനിലാ സി മോഹന്‍

Published : 7th November 2018 | Posted By: afsal ph


കോഴിക്കോട്: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍നിന്ന് കമല്‍ റാം സജീവിനെ മാറ്റിയതിന് പിന്നാലെ കൂടുതല്‍ പേര്‍ രാജിവെയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകയും മാതൃഭുമിയില്‍ കോപ്പി എഡിറ്ററുമായ മനില സി മോഹന്‍ ആണ് രാജിവച്ചത്. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്ന കാലത്ത് മാതൃഭൂമി മാനേജ്‌മെന്റ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വഴങ്ങുകയാണെന്ന് പറഞ്ഞാണ് മനില രാജിവെച്ചത്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്. ഹിന്ദുത്വരാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന നിര്‍ണായകമായ ചരിത്ര സന്ദര്‍ഭമാണിത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്.’ മനില ഫേസ്ബുക്കില്‍ കുറിച്ചു.
‘ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തില്‍ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവല്‍ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കില്‍ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല. ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവര്‍ത്തനത്തെ, രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്.’ എന്ന് കുറിച്ചു കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കൈരളി ടിവി യില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന മനില 10 വര്‍ഷത്തിലേറെയായി മാതൃഭുമി ആഴ്ചപതിപ്പില്‍ ജോലി ചെയ്യുകയായിരുന്നു.

മനില ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.

ഹിന്ദുത്വരാഷ്ട്രീയം മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന നിര്‍ണായകമായ ചരിത്ര സന്ദര്‍ഭമാണിത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയല്‍ തീരുമാനങ്ങളിലും എഡിറ്റോറിയല്‍ അംഗം എന്ന നിലയില്‍ എനിക്ക് പങ്കുണ്ട്. അതിനാല്‍ത്തന്നെ എഡിറ്ററെ ചുമതലയില്‍ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കില്ല.

ഇതാദ്യമായല്ല സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ സ്‌റ്റോറികള്‍ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭീഷണികള്‍, അശ്ലീലം പറച്ചിലുകള്‍, കായികാക്രമണത്തിനുള്ള ശ്രമങ്ങള്‍ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനില്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയാക്കാലത്തുപോലും അവയൊന്നും വാര്‍ത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്‌മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തില്‍ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവല്‍ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കില്‍ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്‌സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.

മീശയുടെ പേരില്‍, ഹൈന്ദവതയുടെ പേരില്‍ സവര്‍ണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തില്‍ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയില്‍ ഭക്തര്‍ക്കിടയില്‍ കടന്നുകൂടി, ഭക്തരുടെ പേരില്‍ അക്രമം നടത്തുന്ന അതേ കൂട്ടര്‍ തന്നെയാണ് വായക്കാരെന്ന പേരില്‍ മീശയ്‌ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷമാവുക, കൂടുതല്‍ കൂടുതല്‍ മനുഷ്യപക്ഷത്ത് നില്‍ക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവര്‍ത്തനത്തെ, രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss