Flash News

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല
X

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ വാരിക്കുട്ടിയ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും അടിതെറ്റി. ഇത്തവണ താരതമ്യേന ദുര്‍ബലരായ വെസ്റ്റ് ഹാമിനോടാണ് യുനൈറ്റഡ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡിന്റെ തോല്‍വി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് മാത്രമാണ് യുനൈറ്റഡിനായി ലക്ഷ്യം കാണാനായത്. ഇതോടെ കോച്ച് ജോസ് മൊറീഞ്ഞോ ടീമില്‍ നിന്ന് പുറത്താകുമോ എന്ന ചോദ്യ വും ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.
സൂപ്പര്‍ താരങ്ങളായ റൊമേലു ലുക്കാക്കു, അന്റോണി മാര്‍ഷ്യല്‍ എന്നിവര്‍ക്ക് ആക്രമണത്തിന്റെ റോള്‍ നല്‍കി 4-3-2-1 എന്ന ശൈലിയിലാണ് കോച്ച് മൊറീഞ്ഞോ യുനൈറ്റഡിനെ വിന്യസിച്ചത്.ലോകത്തിലെ വെറ്ററന്‍ ഗോള്‍കീപ്പര്‍മാരിലൊരാളായ ഡേവിഡ് ഡി ജിയയെ യുനൈറ്റഡിന്റെ കാവല്‍ക്കാരനായി നിര്‍ത്തിയെങ്കിലും താരത്തിന്റെ കൈയും ചോര്‍ന്നതോടെ ടീമിന് നാണം കെട്ട തോല്‍വി വഴങ്ങേണ്ടി വന്നു.
പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും നേരിയ മുന്‍തൂക്കത്തോടെ യുനൈറ്റഡാണ് കരുത്തു കാട്ടിയതെങ്കിലും പ്രതിരോധത്തിലെ പാളിച്ച ടീമിന് വിജയം നിഷേധിച്ചു.
അഞ്ചാം മിനിറ്റിലാണ് യുനൈറ്റഡിന് ആഘാതം സൃഷ്ടിച്ചുള്ള വെസ്റ്റ് ഹാമിന്റെ ആദ്യ ഗോള്‍ പിറക്കുന്നത്. ബ്രസില്‍ താരം ഫിലിപ് ആന്‍ഡേഴ്‌സനാണ് യുനൈറ്റഡിന്റെ വല കീറിമുറിച്ചത്. തുടര്‍ന്ന് 43ാം മിനിറ്റില്‍ യുനൈറ്റഡ് പ്രതിരോധ താരം വിക്റ്റര്‍ ലിന്‍ഡലോഫിന്റെ സെല്‍ഫ് ഗോളും വീണതോടെ മൊറീഞ്ഞോപ്പടയുടെ ധൈര്യം ചോര്‍ന്നു. രണ്ടാം പകുതിയില്‍ കോച്ച് പോഗ്ബയെയും മാര്‍ഷ്യലിനെയും പിന്‍വലിച്ച് റാഷ്‌ഫോര്‍ഡിനെയും യുവാന്‍ മാറ്റയെയും ഫ്രഡിനെയും ഇറക്കി. എന്നാല്‍ 71ാം മിനിറ്റില്‍ ഗോള്‍ നേടി റാഷ്‌ഫോര്‍ഡ് കോച്ചിന്റെ വിശ്വാസം കാത്തു. അതോടെ യുനൈറ്റഡിന്റെ ഗോള്‍വ്യത്യാസം ഒന്നായി ചുരുങ്ങി. പക്ഷേ, 74ാം മിനിറ്റില്‍ ആസ്ത്രിയന്‍ താരം മാര്‍ക്കോ അര്‍ണോട്ടോവിച്ച് കൂടി യുനൈറ്റഡ് വല കുലുക്കി വീണ്ടും ഗോള്‍ വ്യത്യാസം രണ്ടാക്കി ഉയര്‍ത്തി. തുടര്‍ന്ന് വെസ്റ്റ് ഹാം പ്രതിരോധം കടുപ്പിച്ചതോടെ 3-1ന്റെ തോല്‍വി ഭാരം പേറി യുനൈറ്റഡിന് കളം വിടേണ്ടി വന്നു. പരാജയപ്പെട്ടതോടെ ലീഗ് പട്ടികയില്‍ 10 പോയിന്റോടെ 10ാം സ്ഥാനത്താണ് യുനൈറ്റഡ്.
മറ്റു മല്‍സരങ്ങളില്‍ ആര്‍സനല്‍ വാറ്റ്‌ഫോഡിനെയും ടോട്ടന്‍ഹാം ഹഡേര്‍സ്ഫീല്‍ഡിനെയും മാഞ്ചസ്റ്റര്‍സിറ്റി ബ്രൈറ്റനെയും പരാജയപ്പെടുത്തി. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മൂന്നുടീമും വിജയിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തില്‍ വാറ്റ്‌ഫോഡ് താരം ക്രെയ്ഗിന്റെ സെല്‍ഫ്‌ഗോളില്‍ ആര്‍സനല്‍ മുന്നിലെത്തിയതിന് പിന്നാലെ മെസ്യൂട്ട് ഓസിലും ആര്‍സനലിന് വേണ്ടി വല കുലുക്കി. ആദ്യപകുതിയില്‍ സൂപ്പര്‍ താരം ഹാരി കെയിന്‍ നേടിയ ഇരട്ടഗോളിലൂടെയാണ് ടോട്ടന്‍ഹാം വിജയിച്ചത്. റഹീം സ്റ്റെര്‍ലിങ് ആദ്യപകുതിയിലും സെര്‍ജിയോ അഗ്യൂറോ രണ്ടാം പകുതിയിലും സിറ്റിക്കുവേണ്ടി ഗോള്‍ നേടി. ഇതോടെ സിറ്റി പോയിന്റ് നിലയില്‍ ഒന്നാമതെത്തി.
Next Story

RELATED STORIES

Share it