Flash News

കരബാവോ കപ്പില്‍ യുനൈറ്റഡിന് അട്ടിമറി തോല്‍വി

കരബാവോ കപ്പില്‍ യുനൈറ്റഡിന് അട്ടിമറി തോല്‍വി
X

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റു വരുന്ന സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇംഗ്ലീഷ് കരബാവോ കപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ഇംഗ്ലീഷ് രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന ഡാര്‍ബി കൗണ്ടിയാണ് യുനൈറ്റഡിനെ അട്ടിമറിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു യുനൈറ്റഡിന്റെ ദുരന്തം. സാധാരണ സമയത്ത് ഇരു ടീമും 2-2ന്റെ സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനല്‍റ്റിയില്‍ 7-8നാണ് യുനൈറ്റഡിന് അടിതെറ്റിയത്. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് യുനൈറ്റഡിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ പരാജയപ്പെടേണ്ടി വരുന്നത്. സൂപ്പര്‍ താരങ്ങളായ റൊമേലു ലുക്കാക്കു, യുവാന്‍ മാറ്റ, ജെസ്സി ലിംഗാര്‍ഡ്, അന്റോണി മാര്‍ഷ്യല്‍ തുടങ്ങി മികച്ച താരങ്ങള്‍ യുനൈറ്റഡ് നിരയില്‍ അണി നിരന്നെങ്കിലും ഡെര്‍ബിയുടെ മുന്നില്‍ ഇവരുടെ കരുത്ത് ചോരുന്നതാണ് കണ്ടത്. 79ാം മിനിറ്റില്‍ യുനൈറ്റഡ് താരം സെര്‍ജിയോ റൊമേറോ ചുവപ്പ് കാര്‍ഡ് കണ്ടതും യുനൈറ്റഡിന് വിനയായി.
ലുക്കാക്കുവിനെ മുന്നില്‍ നിര്‍ത്തി കോച്ച് മൊറീഞ്ഞോ യുനൈറ്റഡിനെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ അതേ ശൈലിയിലാണ് ഡെര്‍ബി കളത്തിലിറങ്ങിയതും. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ഡെര്‍ബിക്ക് തന്നെയായിരുന്നു മുന്‍തൂക്കം.
മല്‍സരത്തിലെ മൂന്നാം മിനിറ്റില്‍ യുവാന്‍ മാറ്റയിലൂടെ യുനൈറ്റഡാണ് മുന്നിലെത്തിയത്. ലിങ്കാര്‍ഡിന്റെ പാസ്സിലായിരുന്നു മാറ്റയുടെ ഗോള്‍. പിന്നീട് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ യുനൈറ്റഡിന് ലഭിച്ചെങ്കിലും സ്‌കോര്‍ 1-0ല്‍ തന്നെ നിന്നു.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുനൈറ്റഡ് രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായി. രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളുമായി ലാംപാര്‍ഡിന്റെ ഡെര്‍ബി ഇറങ്ങിയപ്പോള്‍ കളി മാറി. 59ാം മിനിറ്റില്‍ വെയില്‍സ് താരം ഹാരി വില്‍സണ്‍ ഒരു ലോക നിലവാരമുള്ള ഫ്രീകിക്കിലൂടെ ഡെര്‍ബിക്ക് സമനില നേടിക്കൊടുത്തു. ശേഷം ഇരു ടീമും ലീഡിനായി പോരാടിയപ്പോള്‍ 79ാം മിനിറ്റില്‍ യുനൈറ്റഡ് സൂപ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ പുറത്താവല്‍ യുനൈറ്റഡിന് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റൊമേറോക്ക് ചുവപ്പ് കാര്‍ഡ്.
അതോടെ ഡെര്‍ബിയുടെ ആത്മവിശ്വാസം കൂടി. 85ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ജാക്ക് മാരിയറ്റിലൂടെ ഡെര്‍ബി 2-1ന് മുന്നിട്ട് നിന്നതോടെ യുനൈറ്റഡ് താരങ്ങള്‍ പരിഭ്രാന്തിയിലായി. എന്ത് വില കൊടുത്തും സമനില നേടണമെന്ന മോഹവുമായി വീണ്ടും പന്ത് തട്ടിയ യുനൈറ്റഡിന് ഇഞ്ച്വറി ടൈമിലെ അവസാന മിനിറ്റില്‍ ജീവശ്വാസം വീണു. ഡീഗോ ഡാലറ്റിന്റെ അസിസ്റ്റില്‍ മൗറൈന്‍ ഫെല്ലൈനിയാണ് യുനൈറ്റഡിനായി ഗോള്‍ മടക്കിയത്.
തുടര്‍ന്ന് എക്‌സ്ട്രാ ടൈം അനുവദിക്കാതെ മല്‍സരം നേരേ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കലാശിച്ചു. ഇരുടീമും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ ഷൂട്ടൗട്ട് 7-7ന്റെ സമനിലയില്‍. ഡെര്‍ബിയുടെ റിച്ചാര്‍ഡ് കോര്‍ഗ് കൂടി ലക്ഷ്യം കണ്ടതോടെ ഡെര്‍ബി 8-7ന് മുന്നില്‍. തുടര്‍ന്നെത്തിയ ഫില്‍ ജോണ്‍സ് പെനല്‍റ്റി പാഴാക്കിയതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ യുനൈറ്റഡിനെ മറികടന്ന് ഡെര്‍ബി അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടര്‍ച്ചയായ അഞ്ചാം പെനല്‍ട്ടി ഷൂട്ടൗട്ട് പരാജയം കൂടിയാണിത്.
Next Story

RELATED STORIES

Share it