|    Nov 21 Wed, 2018 12:56 pm
FLASH NEWS
Home   >  Sports  >  Football  >  

19 കാരന്‍ ബ്രഹീം ദിയാസിന്റെ ഇരട്ടഗോളില്‍ ക്വാര്‍ട്ടറില്‍ കടന്ന് മാഞ്ചസ്റ്റര്‍ സിറ്റി

Published : 2nd November 2018 | Posted By: jaleel mv


മാഞ്ചസ്റ്റര്‍: 19 കാരനായ ബ്രഹീം ദിയാസ് ഇരട്ടഗോളുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ രക്ഷകനായ ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ) മല്‍സരത്തില്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തി ഇംഗ്ലീഷ് വമ്പന്‍മാര്‍ ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചു. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്ത് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ ജേതാക്കന്മാരുടെ ജയം.
സെര്‍ജിയോ അഗ്യുറോ, റഹീം സ്റ്റെര്‍ലിങ്, റിയാദ് മെഹ്‌റസ്, ബെര്‍ണാഡോ സില്‍വ എന്നീ പ്രമുഖ താരങ്ങളെ ബെഞ്ചിലിരുത്തിയാണ് ഇന്നലെ സിറ്റി കോച്ച് പെപ് ഗ്വാര്‍ട്ടിയോള കളി മെനഞ്ഞത്. അതേസമയം, ഗബ്രിയേല്‍ ജീസസ്, ലിറോയ് സാനെ, കെവിന്‍ ഡി ബ്രുയില്‍ എന്നീ മുന്നേറ്റ താരങ്ങള്‍ സിറ്റി നിരയില്‍ ഇടം പിടിച്ചു.
മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ സിറ്റി പ്രതിരോധ താരം വിന്‍സെന്റ്് കംപാനിക്ക് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഫുള്‍ഹാമിന്റെ പ്രതിരോധത്തില്‍ തട്ടി അകന്നു. തുടര്‍ന്ന് 18ാം മിനിറ്റിലായിരുന്നു യുവതാരത്തിന്റെ ആദ്യ ഗോള്‍ പറന്നത്. താരത്തിന്റെ മികച്ചൊരു ബുള്ളറ്റ് ഷോട്ട് ഫുള്‍ഹാം വല തുളച്ചു. രണ്ടാം പകുതിയിലെ 65ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ദിയാസ് സിറ്റിയുടെ ഭാവി താരം താനാണെന്ന് തെളിയിച്ചു. മല്‍സരത്തില്‍ ഗബ്രിയേല്‍ ജീസസടക്കമുള്ള മികച്ച താരങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങില്‍ പരാജയപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ അഞ്ചം ക്ലീന്‍ഷീറ്റായിരുന്നു ഇത്. എതിഹാദ് സ്‌റ്റേഡിയത്തില്‍ അവസാന അഞ്ചു തവണ സന്ദര്‍ശിട്ടും ഒരു ഗോള്‍ നേടാന്‍ ഫുള്‍ഹാമിനായിട്ടില്ല. ലെസ്റ്റര്‍ സിറ്റി -സതാംപ്ടന്‍ മല്‍സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ സിറ്റിയുടെ എതിരാളികള്‍. അടുത്ത മാസം 28നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss