|    Nov 18 Sun, 2018 3:26 am
FLASH NEWS
Home   >  Sports  >  Football  >  

സിറ്റിക്കിയായി വീണ്ടും മെഹ്‌റസ്; ലീഗില്‍ ഒന്നാമത്

Published : 30th October 2018 | Posted By: jaleel mv


ലണ്ടന്‍: ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടായ വെംബ്ലി സ്റ്റേഡിയത്ത് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ മികച്ച കളി പുറത്തെടുത്തിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് തോല്‍വി. ഒരു ഗോളിനായിരുന്നു സിറ്റിയോട് ടോട്ടനം പൊരുതിത്തോറ്റത്. റിയാദ് മെഹ്‌റസിലൂടെ സിറ്റി വിജയം കാണുകയായിരുന്നു. വിമാനാപകടത്തില്‍ മരണപ്പെട്ട തന്റെ പഴയ ടീം ലെസ്റ്റര്‍ സിറ്റി ക്ലബ് ഉടമയും അതിലുപരി ഉറ്റ ചങ്ങാതിയുമായിരുന്ന വിഷൈ ശ്രീവദ്ധനപ്രഭയുടെ സ്മരണാര്‍ത്ഥം ഇരു കൈകളും ആകാശത്തേക്കുയര്‍ത്തിയാണ് മെഹ്‌റസ് ഗോള്‍ നേട്ടം അവിസ്മരണീയമാക്കിയത്. 2014 മുതല്‍ 2018 വരെയാണ് മെഹ്‌റസ് ലെസ്റ്റര്‍ സിറ്റിക്കായി ബൂട്ടണിഞ്ഞത്. ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി സിറ്റി ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലിവര്‍പൂളിനും 26 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ സിറ്റി ഒന്നാമതായി.ചെല്‍സി (24), ആര്‍സനല്‍ (22), ടോട്ടനം (21) എന്നിവരാണു യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്.
വിഷൈ ശ്രീവദ്ധനപ്രഭയുടെ സ്മരണാര്‍ഥം ഇരുടീമുകളും കറുത്ത ബാന്‍ഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്. മല്‍സരത്തില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കമുള്ള സിറ്റി, ടോട്ടനം പോസ്റ്റില്‍ ഗോളുതിര്‍ക്കുന്നതില്‍ മിടുക്കു കാട്ടി. സിറ്റിയുടെ ആറ് ഷോട്ടുകള്‍ വല ലക്ഷ്യമായി പാഞ്ഞപ്പോള്‍ കൈചോരാതെ അഞ്ചും തടുത്ത ഫ്രഞ്ച് താരം ഹ്യൂഗോ ലോറിസാണ് ടോട്ടനത്തിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്.
സെര്‍ജിയോ അഗ്യുറോ, റഹീം സ്റ്റെര്‍ലിങ്, റിയാദ് മെഹ്‌റസ് ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് പെപ് ഗാര്‍ഡിയാള സിറ്റിയെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ ഹാരി കെയ്‌നെ കുന്തമുനയാക്കി ടോട്ടനം 4-2-3-1 എന്ന ശൈലിയില്‍ അണി നിരന്നു. മല്‍സരത്തിലെ ആറാം മിനിറ്റില്‍ തന്നെ സിറ്റി ലീഡ് സ്വന്തമാക്കി. റഹീം സ്റ്റര്‍ലിങിന്റെ മികച്ചൊരു പാസില്‍ നിന്നാണ് മെഹ്‌റസ് ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ പ്രത്യാക്രമണത്തിന് മുതിര്‍ന്ന ടോട്ടനത്തിനായി കെയ്ന്‍, ആള്‍ഡര്‍വീല്‍ഡ് തുടങ്ങിയവര്‍ ശ്രമിച്ചു കളിച്ചെങ്കിലും അതെല്ലാം പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയില്‍ സ്പര്‍സിന് കാര്യമായി ഒന്നും ചെയ്യാനാന്‍ കഴിയാത്തതോടെ മല്‍സരഫലം സിറ്റിക്ക് അനുകൂലമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss