|    Sep 19 Wed, 2018 2:18 pm
FLASH NEWS
Home   >  National   >  

ദുബയിയില്‍ നിന്നെത്തിയ ആളെ എരുമയെ മോഷ്ടിച്ചു എന്നാരോപിച്ച് തല്ലിക്കൊന്നു

Published : 30th August 2018 | Posted By: mtp rafeek

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ദുബയില്‍ നിന്നെത്തിയ യുവാവിനെ എരുമയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നു. ചൊവ്വാഴ്ച്ച രാത്രി ഭോലാപൂര്‍ ഹിന്ദോലിയ ഗ്രാമത്തിലാണ് സംഭവം. ശാരൂഖ് ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളും മൂന്ന് സുഹൃത്തുക്കളും കൂടി എരുമയെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഗ്രാമീണരാണ് തങ്ങളെ വിളിച്ചതെന്ന് പോലിസ് പറഞ്ഞു.

ജില്ലാ ആശുപത്രിയിലെത്തിച്ച ഖാന്‍ ചികില്‍സയ്ക്കിടെയാണ് മരിച്ചത്. ഇയാള്‍ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ചതായി ബറേലിയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ അഭിനന്ദന്‍ പറഞ്ഞു. എന്നാല്‍, കരള്‍, കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് ശാരൂഖിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വെളിപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ചെന്ന് വെളിപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ദുബയില്‍ എംബ്രോയിഡറി യൂനിറ്റില്‍ ജോലി ചെയ്യുന്ന ഖാന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൊബൈലില്‍ വിളി വന്നതിനെ തുടര്‍ന്ന് രാത്രിയില്‍ രണ്ട് സുഹുത്തുക്കളോടൊപ്പമാണ് ഖാന്‍ പുറത്തേക്ക് പോയതെന്ന് സഹോദരന്‍ ഫിറോസ് പറഞ്ഞു. ഖാന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ആശങ്കയിലായ കുടുംബം രാവിലെ എത്തുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു.

രാവിലെ പോലിസ് വിളിച്ച് ഖാന്‍ ആശുപത്രിയിലാണെന്ന് അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30ഓടെ ഖാനും മറ്റു മൂന്നു പേരും ഒരു എരുമയുമായി ഓടി രക്ഷപ്പെടുന്നതിനിടെ ഗ്രാമീണര്‍ പിടികൂടുകയായിരുന്നുവെന്നാണ് പോലിസ് പറഞ്ഞത്. സുഹത്തുക്കള്‍ രക്ഷപ്പെട്ടെങ്കിലും ഗ്രാമീണര്‍ ഖാനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു.

എന്നാല്‍, ഈ ആരോപണം ഖാന്റെ കുടുംബം തള്ളിക്കളഞ്ഞു. ദുബയിലും ഗള്‍ഫിലെ മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്ത ഖാന് ജീവിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ ജോലി ചെയ്തിരുന്ന അദ്ദേഹത്തിനെതിരേ ഇതുവരെ ക്രിമിനല്‍ കേസുകളുമൊന്നുമുണ്ടായിട്ടില്ലെന്നും കുടുംബം അറിയിച്ചു.

വിഷയത്തില്‍ രണ്ടു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. 25 പേര്‍ക്കിതിരേ കൊലപാതകക്കേസും ഖാനും മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരേ എരുമ മോഷണക്കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss