|    Oct 15 Mon, 2018 6:16 pm
FLASH NEWS
Home   >  National   >  

ഇന്ത്യാ ടുഡേ വെളിപ്പെടുത്തല്‍ ഹിന്ദുത്വ സംഘടനക്കതിരായ സ്‌ഫോടനക്കേസുകളില്‍ തെളിവായി ഉപയോഗിക്കും

Published : 10th October 2018 | Posted By: mtp rafeek

മുംബൈ: ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയ്‌ക്കെതിരേ ഇന്ത്യ ടൂഡേ നടത്തിയ ഒളികാമറ ഓപറേഷനിലെ വിവരങ്ങള്‍ വാഷി, പനവേല്‍ സ്‌ഫോടനക്കേസുകളില്‍ തെളിവായി ഉപയോഗിക്കും. 2008ലെ സ്‌ഫോടനക്കേസില്‍ പുതിയ ചില തെളിവുകള്‍ വെളിപ്പെടുത്തലിലൂടെ ലഭിച്ചിട്ടുണ്ടെനന് മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ വെറുതെവിട്ടവര്‍ക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ബലപ്പെടുത്തുന്നതിന് ഈ തെളിവുകള്‍ ഉപയോഗിക്കും.

ഈ തെളിവുകള്‍ കോടതിയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച് മഹാരാഷ്ട്ര നീതിന്യായ വകുപ്പിനോട് ഉപദേശം തേടി. 2011ല്‍ തെളിവുകളില്ലാത്തതിന്റെ പേരില്‍ കീഴ്‌ക്കോടതി വെറുതെവിട്ടരുടെ സ്‌ഫോടനത്തിലെ പങ്ക് ഇന്ത്യാ ടുഡേ ഒളികാമറ ഓപറേഷനില്‍ പുറത്തുവന്നിട്ടുണ്ട്.

മങ്കേഷ് ദിന്‍കര്‍ നികം, ഹരിഭാവു ദിവേകര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വെറുതെ വിടുകയായിരുന്നു. അതേ സമയം, രമേഷ് ഗഡ്്കരി, വിക്രം ഭാവെ എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തു.

താനെ, പന്‍വേല്‍, വാഷി എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മങ്കേഷ് ദിന്‍കര്‍ നിഗം, താന്‍ തന്നെയാണ് ഇവിടെയെല്ലാം ബോംബ് സ്ഥാപിച്ചതെന്ന് വെളിപ്പെടുത്തി.

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന മറാത്തി സിനിമ പ്രദര്‍ശിപ്പിച്ചതിനായിരുന്നു സ്‌ഫോടനം. അവിടെ ബോംബ് സ്ഥാപിച്ച് മടങ്ങുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും അത് കൃത്യമായി ചെയ്‌തെന്നും മാധ്യമപ്രവര്‍ത്തകനോട് നിഗം പറഞ്ഞു.

2000 മുതല്‍ താന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനാണ്. സിനിമയ്‌ക്കെതിരേ തങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലം കാണാത്തതിനാലാണ് ബോംബ് വച്ചത്. മഹാരാഷ്ട്ര പന്‍വേലിലെ സന്‍സ്താ ഓഫിസിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും നിഗം പറഞ്ഞു.

കേസില്‍ വെറുതെ വിട്ട മറ്റൊരു പ്രതി ഹരിബാഹു കൃഷ്ണ ദിവേകറും സ്‌ഫോടനത്തിലെ പങ്കാളിത്തം വെളിപ്പെടുത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പേരുടെ സഹായിയായാണ് പ്രത്യേക അന്വേഷണസംഘം ദിവേകറിനെ വിശേഷിപ്പിക്കുന്നത്. താനാണ് സ്‌ഫോടനവസ്തുക്കള്‍ സംഘടിപ്പിച്ചതെന്ന് ദിവേകര്‍ പറഞ്ഞു.

പോലിസ് പിടിച്ചപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന റിവോള്‍വര്‍, ഡിറ്റൊണേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, ഡിജിറ്റല്‍ മീറ്ററുകള്‍ തുടങ്ങിയവ അവര്‍ക്ക് കൊടുത്തു. 20 ജലാറ്റിന്‍ സ്റ്റിക്കുകളും 23 ഡിറ്റൊണേറ്ററുകളും ഉണ്ടായിരുന്നു. അവര്‍ അത് കൊണ്ടുപോയെന്നും ദിവേകര്‍ പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നില്ലെങ്കില്‍ അന്നേ സംഘടനയെ നിരോധിക്കുമായിരുന്നുവെന്ന് സന്‍സ്തയുടെ ആസ്ഥാനമുള്ള പോണ്ട പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സി ആര്‍ പാട്ടീല്‍ പറഞ്ഞു. നിരോധിക്കണമെന്ന തന്റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല.
മഡ്ഗാവ് സ്‌ഫോടനത്തിന്റെ മാതൃകയില്‍ ഒമ്പതോളം സംഭവങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു. അതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ ശുപാര്‍ശ.

ഗോവയിലെങ്കിലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗോവയിലെ ഭരണകക്ഷിയില്‍പ്പെട്ട പ്രമുഖ രാഷ്ട്രീയക്കാരന്റെ സമ്മര്‍ദം കാരണം നടന്നില്ല. ഇയാളുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് സന്‍സ്തയുമായി ബന്ധമുണ്ട്. ഭാര്യ സന്‍സ്തയുടെ മാനേജറാണ്. സഹോദര ഭാര്യയും അതിന്റെ ഭാഗമാണ് പാട്ടീല്‍ ചൂണ്ടിക്കാട്ടി.

അന്ന് നിരവധി പേരെ അതുമായി ബന്ധപ്പെട്ട് താന്‍ അറസ്റ്റ് ചെയ്തിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ അമിത് ദേഗ്‌വേകാര്‍ അതിലൊരാളായിരുന്നു. പ്രതികളെ തടവില്‍ ഇട്ടിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ഉള്‍െപ്പടെയുള്ളവര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും പാട്ടീല്‍ പറയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss