|    Dec 18 Tue, 2018 12:22 am
FLASH NEWS
Home   >  National   >  

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക മാര്‍ച്ച്

Published : 21st November 2018 | Posted By: G.A.G

മുംബൈ: വരള്‍ച്ചാക്കെടുതിക്ക് നഷ്ടപരിഹാരം, കാര്‍ഷിക കടങ്ങള്‍ നിരുപാധികം എഴുതിത്തള്ളുക, ആദിവാസിവിഭാഗങ്ങള്‍ക്ക് വനാവകാശം കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 20000 ലേറെ കര്‍ഷകര്‍ താനെയില്‍ നിന്നു മുംബൈയിലേക്ക് മാര്‍ച്ച് തുടങ്ങി. രണ്ടു ദിവസം നീളുന്ന മാര്‍ച്ച് വ്യാഴാഴ്ച മുംബൈയിലെത്തും. എട്ടു മാസം മുമ്പ് നാസിക്കില്‍ നിന്നു മുംബൈയിലേക്ക് ഇത്തരമൊരു മാര്‍ച്ച് കര്‍ഷകര്‍ സംഘടിപ്പിച്ചിരുന്നു.
മഗ്്‌സാസെ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷകരുടെ കാല്‍നട ജാഥ നാളെ രാവിലെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിലെത്തും. നിയമസഭാ സമ്മേളനം നടക്കുന്ന വിധാന്‍ സഭയ്ക്കു സമീപം പ്രകടനം നടത്താന്‍ കര്‍ഷകര്‍ ശ്രമിക്കും.
മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ മിക്കവരു താനെ, ഭുസവാള്‍, മറാത്ത്‌വാഡ മേഖലകളിലുള്ള കര്‍ഷകരാണ്. സ്വാമിനാഥന്‍ കമ്മറ്റി റിപോര്‍ട്ട് നടപ്പാക്കണമെന്നും ഭൂമിയുടെയും വെള്ളത്തിന്റെയും നിയന്ത്രണം കര്‍ഷകരില്‍ നിക്ഷിപ്തമാക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ചുരുങ്ങിയ താങ്ങുവില വര്‍ധിപ്പിക്കണമെന്നും അത് നടപ്പാക്കുന്നതിന് ജുഡീഷ്യല്‍ സംവിധാനം ഉറപ്പുവരുത്തണമെന്നുമാണ് മറ്റു ആവശ്യം.
മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളല്‍ പദ്ധതി ശരിയായി നടപ്പാക്കണം, കര്‍ഷകര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കണം, കര്‍ഷക തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നുണ്ട്.
കര്‍ഷകരുടെ ആവശ്യങ്ങളോട് സര്‍ക്കാരിന് തണുത്ത പ്രതികരണമാണെന്നും വീണ്ടും പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സമരം സംഘടിപ്പിച്ച ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി പ്രതിഭ ഷിന്‍ഡെ പറഞ്ഞു. സമരം മുംബൈ സ്വദേശികള്‍ക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ നാസിക്കില്‍ നിന്നു മുംബൈയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss