|    Nov 18 Sun, 2018 1:21 pm
FLASH NEWS
Home   >  National   >  

വായ്പാ തട്ടിപ്പ്: വ്യവസായികളുടെ വിവരം നല്‍കിയത് മോദിക്കു തന്നെ

Published : 1st November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തിയ വ്യവസായികളുടെ വിവരങ്ങള്‍ മൂന്നുവര്‍ഷം മുമ്പേ നല്‍കിയിരുന്നത് നരേന്ദ്രമോദിക്കു തന്നെയെന്ന് രേഖകള്‍. 2015 ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ ആറിന് പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റി മുമ്പാകെ രഘുറാം രാജന്‍ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നിഷ്‌ക്രിയ ആസ്തിയെ കുറിച്ചുള്ള 17 പേജുള്ള റിപോര്‍ട്ടിലാണു ഇതുസംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നത്. എന്നാല്‍ ഇത് ഏത് പ്രധാനമന്ത്രിയെയാണെന്ന തര്‍ക്കത്തിനാണ് ഇപ്പോള്‍ വിരാമമായത്. മന്‍മോഹന്‍സിങിനല്ല നരേന്ദ്രമോദിക്ക് തന്നെയാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നു വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായിട്ടില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ പിറ്റേന്നത്തെ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായികളുടെ വിവരങ്ങള്‍ കൈമാറിയത്. ഇതിനുപുറമെ ധനമന്ത്രിക്കും 2015 ഫെബ്രുവരി നാലിന് സമാന ലിസ്റ്റ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയിരുന്നു. തട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയ ശേഷമാണ് പലരും വിദേശത്തേക്ക് കടന്നതെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് പുതിയ രേഖകള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss